കൃപ എന്തെന്ന് അറിയാത്ത ക്രിസ്ത്യാനി ഇല്ല. കൃപയിൽ വിശ്വാസിക്കാത്ത വിശ്വാസിയും ഇല്ല. കൃപ ഇല്ലാതെ ആരും ക്രിസ്ത്യാനി ആകുന്നുമില്ല. എന്നിട്ടും ക്രൈസ്തവധര്‍മ്മത്തിന്റെ അടിസ്ഥാനമായ "ദൈവകൃപ" എന്ന ഈ വിഷയം നിർഭാഗ്യവശാൽ വളരെയധികം വിവാദങ്ങൾ ഉണ്ടാകുന്ന ഒരു ദൈവശാസ്ത്ര പ്രമേയമാണ്. വളരെ മനോഹരവും അഗാധവുമായ ഈ കൃപയുടെ സുവിശേഷം വ്യാഖ്യാനിച്ചും വിശദീകരിച്ചും പലരും തെറ്റിദ്ധാരണാജനകമായി പഠിപ്പിച്ച് അനേകരേ വഴിതെറ്റിക്കുന്നതും ഈയിടെ ആയി നാം കാണുന്നു. പെന്തെക്കോസ്ത് ഉപദേശങ്ങൾ കൃപയുടേതല്ലെന്നും പ്രവർത്തിയുടേതാണെന്നും ഉള്ള ദുഷ്പ്രചരണം വളരെ വ്യാപകമാകുകയും ചിലരെ എങ്കിലും അത് ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുവാൻ ഒരു പരിധി വരെ കാരണം 'കൃപ' ഉൾപ്പടെ ദൈവ ശാസ്ത്രവിഷയങ്ങളുടെ വ്യവസ്ഥിതമായ പഠനങ്ങൾ നമ്മുടെ സഭകളിൽ കുറയുന്നത് കൊണ്ടാണ് എന്ന നഗ്നസത്യം നാം അറിയാതെ പോകരുത്. ഈ പശ്ചാത്തലത്തിൽ പെന്തെക്കോസ്ത് ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റെ കൃപ എന്ന വിഷയത്തിൽ ഉള്ള ഒരു ചെറിയ പഠനമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
കേരളത്തിൽ അടുത്ത കാലത്തായി 'കൃപയുടെ സുവിശേഷം' എന്ന വ്യാജപേരിൽ ഏറെ പ്രചാരത്തിലായ വികലവിശദീകരണങ്ങളും വ്യാജപ്രചാരണങ്ങളും മൂലം "കൃപ" എന്ന വാക്കിനു തന്നെ ക്രിസ്ത്യാനികളുടെ, വിശേഷിച്ച് മലയാളീ പെന്തെക്കോസ്ത്കാരുടെ, ഇടയിൽ ഉണ്ടായ ദുഷ്കീർത്തി (Stigma) ഉള്ളതിനാൽ ദൈവ കൃപയുടെ ദൈവവചനാടിസ്ഥിത നിർവചനം വിശദീകരിക്കുന്നതിനു മുൻപായി ഈ വാക്കിന്റെ ശബ്ദാർത്ഥം വ്യക്തമായി മനസിലാക്കുന്നത് ഉചിതമായിരിക്കും. പുതിയ നിയമ ഗ്രന്ഥങ്ങളുടെ പൊതുവായ മൂലഭാഷ ആയ ഗ്രീക്കിൽ കൃപ എന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്ക് χαίρω [khairo - ആഹ്ലാദിക്കുക - Full of Cheer] എന്ന മൂലപദത്തിൽ നിന്നുളവായ χάρις [kharis -പരപ്രേരണയില്ലാത്ത ഉപകാരം / സൗമനസ്യം - voluntary act of goodwill / favor] എന്നതാണ്. സാഹചര്യവശാൽ തന്നെക്കാളും താണ നിലയിൽ ഉള്ള ഒരാളോട് പ്രതിഫലേഛ ഒന്നും കൂടാതെ കരുണയെ കാണിക്കുന്നതിനുള്ള വാക്കാണിത്. ഒരു അടിമയോട് യജമാനൻ തന്റെ മകനോട് കാട്ടുന്ന അതേ സ്നേഹം കാട്ടിയാൽ ആ പ്രവർത്തി ഇതിനു ഒരുദാഹരണമാണ്. ഈ കരുണ ലഭിക്കുന്ന / സ്വീകരിക്കുന്ന ആളുടെ യോഗ്യതകൾ ഒന്നും തന്നെ കണക്കിടാതെ ആണ് ചെയ്യുന്നത് എന്നത് വളരെ എടുത്ത് പറയേണ്ട കാര്യമാണ്. ഒരു പടി കൂടി വിശദീകരിച്ചാൽ, "തികച്ചും അയോഗ്യനും പ്രത്യുപകാരം ചെയ്യാൻ ഒരു കഴിവും ഇല്ലാത്ത ഒരാളോട് അയാൾക്ക് പ്രതീക്ഷിക്കാനാകാത്ത ദയപരമായ പ്രവർത്തി പൂർണസന്തോഷത്തോടെ മറ്റൊരാൾ ചെയ്യുന്നതാണ് കൃപ. ഇതേ അർത്ഥം തന്നെ ആണ് ദൈവത്തിനു മനുഷ്യനോടുള്ള കൃപയ്ക്കും ഉള്ളത്..
യേശുക്രിസ്തുവിന്റെ കൃപ ഒരു സിദ്ധാന്തമോ തത്വമോ അല്ലെങ്കിൽ ഒരു സാമൂഹികസമ്പ്രദായമോ അല്ല. മറിച്ച് അത് ഒരു സ്വഭാവം ആണ്, ദൈവീകസവിശേഷത ആണ്, ദൈവപ്രവർത്തി ആണ്. അത് കൊണ്ട് തന്നെ മാനുഷീക പരിമാണങ്ങൾ കൊണ്ട് അത് അളക്കുവാനോ മാനുഷീക തത്വശാസ്ത്രങ്ങൾ കൊണ്ട് അത് വിശദീകരിക്കുവാനോ സാധ്യമല്ല. ദൈവ കൃപ പുതിയനിയമത്തിൽ മാത്രം പ്രത്യക്ഷമായ ഒരു കാര്യമല്ല. സർവ്വശക്തനായ ദൈവത്തിന്റെ കൃപ കാലാകാലങ്ങളിൽ വെളിപ്പെടുന്നതിന്റെ മനോഹര വിശകലനമാണ് ദൈവവചനമുടനീളം. എങ്കിലും പഴയനിയമ കാലത്തുണ്ടായിരുന്ന അളവിനപ്പുറമായാണ് പുതിയനിയമകാലത്ത് ഈ കൃപ ആവിഷ്കരിക്കപ്പെടുന്നത് എന്നതാണ് വ്യത്യാസം. സൃഷ്ടി മുതലിങ്ങോളം മനുഷ്യചരിത്രത്തിൽ ദൈവീക ഇടപടലുകളിലൂടെ പ്രകടമാക്കപ്പെട്ട ദൈവ കൃപയുടെ ഏറ്റവും മഹത്തരവും മനോഹരവും ആയ വെളിപ്പെടുത്തലാണ് യേശുക്രിസ്തുവിന്റെ യാഗത്തിലൂടെ നടന്നത്. ആയതിനാൽ യേശുക്രിസ്തുവിന്റെ സുവിശേഷം തന്നെയാണ് കൃപയുടെ ദൈവ വചനാനുസൃതമായ നിർവചനം. റോമർ 5:6-8 ൽ പൗലോസ് അത് നിർവചിക്കുന്നുണ്ട് - അഭക്തർക്ക് വേണ്ടി, അവർ പാപികൾ ആയിരിക്കുമ്പോൾ തന്നെ, സ്വയം യാഗമാകുവാൻ തയ്യാറായ സ്നേഹമാണ് യേശു ക്രിസ്തുവിന്റെ കൃപ. മനുഷ്യൻ ദൈവത്തെ അന്വേഷിച്ചതിന്റെ പരിണിതഫലമായല്ല ക്രിസ്തുവിന്റെ യാഗം. മറിച്ച് കൂടുതൽ ദൈവത്തെ ത്യജിക്കുകയും നിഷേധിക്കയും ചെയ്ത സമയത്താണ് മനുഷ്യരക്ഷയ്ക്കായി ക്രിസ്തു ഭൂമിയിൽ വന്നത് എന്ന കാര്യം കൃപയെ അവർണ്ണനീയമാക്കുന്നു. ദൈവീക ഉടമ്പടികൾ എല്ലാം തന്നെ കൃപയുടെ പ്രത്യക്ഷതകൾ ആയിരുന്നെങ്കിലും നോഹ മൂലമോ മോശ മൂലമോ മനുഷ്യന് പ്രയാസമായിരുന്നത് ക്രിസ്തു മൂലം ലളിതമാക്കപ്പെടുക ആയിരുന്നു.
കൃപ എന്നത് ദൈവത്തിന്റെ ദിവ്യ സ്വഭാവമായിരിക്കെ അതിനെ പല തരമായി തിരിച്ചു അപഗ്രഥിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാൽ തന്നെയും മനുഷ്യന്റെ മേൽ ദൈവകൃപ ഏതെല്ലാം നിലകളിൽ പ്രവർത്തിക്കുന്നു എന്ന് പഠിക്കുമ്പോൾ ആത്മാവിന്റെ രക്ഷയ്ക്ക് മാത്രമല്ല, ഈ ലോകത്തിന്റെ നടത്തിപ്പിൽ തന്നെ ദൈവീക കൃപ വ്യാപരിക്കുന്നതായി നമുക്ക് കാണാൻ കഴിയും. "അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ". (മത്തായി 5:45) സൃഷ്ടിയുടെ പരിപാലനത്തിൽ യോഗ്യത നോക്കാതെ ദൈവം തന്റെ കൃപ കാട്ടുന്നു. "യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു…. നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു." എന്ന് സങ്കീ 145-ലും കാണുന്നു. സകല ജീവജാലങ്ങളോടും കൃപ തോന്നുന്നത് കൊണ്ട് തന്നെ ആരും നശിച്ചു പോകുവാനും ദൈവം ആഗ്രഹിക്കുന്നില്ല (2 പത്രോസ് 3:9) എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നതിനാൽ ഇതേ കൃപ തന്നെ ആണ് ഒരു മനുഷ്യന്റെ ആത്മാവിന്റെ വീണ്ടെടുപ്പിനു വേണ്ടിയും ദൈവം കാട്ടുന്നത്. യാതൊരു വിധ നിബന്ധനകളോ യോഗ്യതകളോ വെയ്ക്കാതെ എല്ലാവർക്കും വേണ്ടി തന്നെ വെളിപ്പെടുത്തുന്നതിൽ ദൈവം ഇത് വ്യക്തമാക്കുന്നു. ദൈവത്തെ തിരഞ്ഞെടുപ്പാനും തള്ളാനും ഉള്ള സ്വതന്ത്ര ഇച്ഛ മനുഷ്യന് കൊടുത്തപ്പോൾ തന്നെ അവന്റെ അന്തരാത്മാവിൽ ദൈവത്തെ അന്വേഷിപ്പാനുള്ള മനസാക്ഷി കൂടി വയ്ക്കുവാൻ ദൈവത്തിനു കൃപ തോന്നി (ഉൽപത്തി 6:3) "ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു" എന്ന് പൗലോസ് റോമർ 2:14 ൽ പറയുന്നതും ഇതിനു തെളിവാണ്. എങ്കിലും പാപം മൂലം ഈ വിളി കേൾക്കുവാനും അനുസരിപ്പാനും മനുഷ്യന് സാധിക്കാതെ ഇരുന്നിടത്താണ് രക്ഷയുടെ പ്രമാണം കൂടുതൽ ലളിതമാക്കുവാൻ ദൈവം തന്റെ പുത്രനെ ലോകത്തിലയച്ചത്. അങ്ങനെ ദൈവശാസ്ത്രപരമായി, ഒരു വ്യക്തിയുടെ ആത്മരക്ഷയുടെ പാതയിൽ ആദ്യന്തം വ്യാപരിക്കുന്ന ദൈവകൃപയാണ് രക്ഷാകരകൃപ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പാപം മൂലം ദൈവത്തിൽ നിന്നകന്ന മനുഷ്യന് താനായി തന്നെ ദൈവത്തിലേക്ക് അടുക്കുവാനോ സ്വയം നീതീകരിക്കുവാനോ കഴിയുകയില്ല. ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. (റോമർ 5:12) ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. (റോമർ 8:7) - അങ്ങനെ മനുഷ്യന് സാധിക്കാത്തത് മനുഷ്യന് വേണ്ടി സാധിക്കുവാൻ ദൈവം തീരുമാനിച്ചതാണ് യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവകൃപ. ആത്മരക്ഷയിൽ എങ്ങനെ ദൈവ കൃപ വെളിപ്പെടുന്നു എന്നതാണ് തുടർന്നുള്ള ഭാഗങ്ങളിൽ ചിന്തിക്കുന്നത്.
കൃപ എന്ന വാക്കിന്റെ ശബ്ദാർത്ഥം തന്നെ പ്രതിഫലം കൊടുത്ത് വാങ്ങാൻ സാധിക്കാത്തത് എന്നാണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ. വില ഇല്ലാത്തത് എന്നല്ല, വില കൊടുക്കാൻ കഴിയില്ല എന്നതാണ് എന്ന് എടുത്ത് പറയേണ്ടി ഇരിക്കുന്നു. കൃപയാലുള്ള രക്ഷയിൽ മനുഷ്യന്റെ യാതൊരു പ്രവർത്തിക്കും സ്ഥാനമില്ല എന്ന് മാത്രമല്ല ഒരു യോഗ്യതയും ഇല്ലാത്ത ഒരാളുടെ ആത്മാവിനെ സർവ്വ ലോകത്തേക്കാൾ വിലയേറിയതായി കണക്കിട്ട് ക്രിസ്തുവിൽ വീണ്ടെടുക്കുന്നതിനു പകരം വെയ്ക്കാൻ ലോകത്തിൽ മറ്റൊന്നുമില്ല തന്നെ. ഈ വലിയ ദാനമായ കൃപ ഏറ്റെടുക്കുക അഥവാ സ്വീകരിക്കുക എന്നത് മാത്രമാണ് മനുഷ്യന്റെ കടമ. ഒരു വിലയേറിയ സമ്മാനം ദാനമായി ലഭിക്കുമ്പോൾ അത് വാങ്ങുവാൻ നീട്ടപ്പെടുന്ന കരം മാത്രമാണ് മനുഷ്യന് കൃപയോടുള്ള പ്രതികരണം. ഇതാണ് വിശ്വാസത്താൽ ഒരാളിൽ വെളിപ്പെടുന്നത്. എത്ര പ്രാവശ്യം അവഗണിച്ചാലും നിഷേധിച്ചാലും മാറ്റപ്പെടാതെ കാലാവധി തീയതികൾ നിശ്ചയിക്കപ്പെടാത്ത ഈ ദൈവ കൃപയാണ് ശത്രുവായി നടന്ന ശൗലിനെ അപ്പോസ്തോലനായ പൌലോസ് ആക്കി മാറ്റിയത്. മാനുഷീക ബുദ്ധിക്കപ്പുറമായ ദൈവകൃപ എന്ന വിലമതിക്കാനാകാത്ത ദൈവീക നീതിക്ക് മുന്നിൽ വിശ്വാസവും കീഴടങ്ങലും എന്ന "നീട്ടപ്പെട്ട കൈ"യ്ക്ക്, പ്രയത്‌നത്തിന്റെയോ പ്രവർത്തിയുടെയോ സിദ്ധിയുടെയോ പുകഴ്ച പറയാൻ യാതൊന്നുമില്ല. അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ഉയിർത്തെഴുന്നേല്പിക്കുക മാത്രമല്ല, വെറുക്കപ്പെടേണ്ടവർ ആയിട്ടും വാത്സല്യം കാണിച്ച് സ്വർഗ്ഗത്തിൽ എന്നേക്കും ഉള്ള പ്രവേശനവും നേടി തന്ന ഈ കൃപ ദൈവത്തിന്റെ സൗജന്യ ദാനമാണ്, അത് വിശ്വാസത്താൽ സ്വീകരിക്ക മാത്രം മതി എന്ന് പൌലോസ് അപ്പോസ്തൊലൻ പറയുന്നു. (എഫെസ്യർ 2:5-8)
യേശുക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവകൃപയിലൂടെ ദൈവീക നീതിയും ന്യായവും പ്രമാണവും നീക്കം വന്നിട്ടില്ല. അഥവാ കൃപ പ്രമാണത്തിനെതിരല്ല. എന്നാൽ കൃപയില്ലാതെ പ്രമാണമില്ല എന്നത് ഒരു സത്യമാണ്.. കൃപ വന്നതോടെ പ്രമാണം നീങ്ങിപ്പോയി എന്ന് ചിലർ പഠിപ്പിക്കാറുണ്ട്. നന്നായി വിശദീകരിച്ചില്ലെങ്കിൽ വലിയ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാവുന്ന വാചകം ആണത്. ന്യായപ്രമാണത്തെ നീക്കുവാൻ അല്ല ക്രിസ്തു വന്നത്. അത് നിവർത്തിപ്പാനാണ്. (മത്തായി 5:17) എന്നാൽ, ക്രിസ്തു വരെ ശിശുപാലകനായി, ഒരു താല്ക്കാലിക രക്ഷകർത്താവായി നിലകൊണ്ട ന്യായപ്രമാണം ക്രിസ്തുവിനു ശേഷം അക്ഷരങ്ങളിലൂടെ അല്ല മറിച്ച് ആത്മാവിലൂടെ ആണ് ഒരു വിശ്വാസി അറിയുന്നത് എന്ന് മാത്രം. അന്ന് വരെ പ്രമാണത്തെയും പ്രമാണത്തിലുള്ള ശാപത്തെയും ഭയന്ന് പ്രമാണം അനുസരിച്ചിരുന്നെങ്കിൽ ഇന്ന് തികഞ്ഞ ദൈവ സ്നേഹത്താൽ ആ ഭയം പുറത്താക്കപ്പെട്ട് ന്യായപ്രമാണ നിവർത്തിയായ യേശുവിനെ പിന്തുടരുന്നു.. (ഗലാ. 4:4,5) പ്രവർത്തിയിലുള്ള ദോഷത്തിൽ നിന്ന് പ്രവർത്തിയാൽ രക്ഷപ്പെടാൻ ന്യായപ്രമാണം വിധിച്ചെങ്കിൽ ആ ന്യായപ്രമാണം ക്രൂശിൽ നിവർത്തിയാക്കപ്പെട്ടതിനു ശേഷം പ്രവർത്തിയിലുള്ള ദോഷത്തിൽ നിന്ന് വിശ്വാസത്താൽ രക്ഷിക്കപ്പെടുവാൻ കളമൊരുങ്ങി. (റോമർ 8:4) അതുകൊണ്ടാണ് പ്രവർത്തിയാലുള്ള നീതീകരണമല്ല വിശ്വാസത്താലുള്ള നീതീകരണമാണ് ക്രിസ്തുവിലുള്ള കൃപയാൽ ഒരാൾക്ക് ലഭിക്കുന്നത് എന്ന് വചനം പറയുന്നത്. അങ്ങനെ എങ്കിൽ പുതിയ നിയമം എന്ന പേരിൽ ദൈവം പഴയ നിയമത്തെ നീക്കം ചെയ്തോ? ഒരിക്കലുമില്ല. അനുതപിക്കുവാൻ ദൈവം മനുഷ്യനല്ല. പഴയനിയമം എന്ന് നാം വിളിക്കുന്ന പ്രമാണം ക്രിസ്തുവിലുള്ള പൂർത്തീകരണമാണെന്നു തിരിച്ചറിയാത്ത യഹൂദൻ സ്വന്ത കഴിവും പ്രവർത്തിയും കൊണ്ട് രക്ഷ നേടും എന്ന് കരുതുന്നതിനെ ആണ് പൌലോസ് അപ്പോസ്തലൻ തന്റെ ലേഖനങ്ങളിൽ വിമർശിച്ചത്. നീതിയ്ക്കായി കൊടുത്ത ആത്മീകമായ ന്യായപ്രമാണം വിശ്വാസത്താൽ അന്വേഷിക്കുന്നതിനു പകരം പ്രവർത്തികളാൽ അന്വേഷിച്ചത് കൊണ്ട് ജീവനായിരുന്നത് അവർക്ക് ശാപമായി ഭവിച്ചു. ദൈവം കൊടുത്ത ന്യായപ്രമാണത്തിന്റെ കുഴപ്പമല്ല, പ്രത്യുത അവ എറ്റെടുത്ത ജനത്തിന്റെ ഇടർച്ചയത്രേ ന്യായപ്രമാണത്തിന്റെ വീഴ്ച. (റോമർ 9:31-33). അത് പിന്തുടർന്നു യാഗങ്ങളിലൂടെയും നേർച്ച, നോമ്പ്, ദിനാചരണങ്ങൾ തുടങ്ങിയവയിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കാം എന്ന് ചിന്തിച്ച് ദൈവത്തിന്റെ കൃപയാലുള്ള രക്ഷണ്യപ്രവർത്തിയെ തിരസ്കരിക്കുന്നതാണ് പ്രവർത്തിയാലുള്ള നീതീകരണം എന്ന് പൗലോസ് പറഞ്ഞിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്താൽ രക്ഷിക്കപ്പെട്ടിട്ടും വീണ്ടും ഇത്തരം നിഴലായ പ്രമാണങ്ങൾ ചെയ്താലേ രക്ഷ പൂർത്തീകരിക്കപ്പെടൂ എന്ന് ധരിച്ച ഗലാത്യരെ ആണ് ബുദ്ധിശൂന്യരെ എന്ന് പൗലോസ് വിളിച്ചത്. യാതൊരു പ്രയത്നവും കൂടാതെ ക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ടിട്ട് സ്വന്ത പ്രയത്നത്താൽ അതിനെ പൂർത്തീകരിക്കുവാൻ ശ്രമിക്കുന്ന മഠയത്തരമാണ് നിയമസിദ്ധാന്തം എന്ന് വിളിക്കപ്പെടുന്നത്. "ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു" (ഗലാ. 3:3) - എത്ര പരിശ്രമം നടത്തിയാലും ഒരു മനുഷ്യനും പ്രവർത്തിയാൽ നീതീകരിക്കപ്പെടുകയില്ലെന്നു അതേ അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ പറയുന്നുണ്ട്. കൃപയാൽ തുടങ്ങിയത് കൃപയാൽ തുടർന്ന് കൃപയാൽ പൂർത്തീകരിക്കപ്പെടണം. നിയമങ്ങളോ ധാർമിക മൂല്യങ്ങളോ അതിനു ആവശ്യമില്ല എന്നല്ല അതിനർത്ഥം - പ്രത്യുത അതിനു മാനുഷീക ശക്തിയിൽ ആശ്രയിച്ചുള്ള പരിശ്രമങ്ങൾ ആവശ്യമില്ല എന്നത്രേ. കാരണം പാപസ്വഭാവത്തിനു അടിമയായ ശരീരത്തിൽ ഇരിക്കുന്നിടത്തോളം ഒരു മനുഷ്യനും മാനുഷീക ബുദ്ധിയിലോ ശക്തിയിലോ ദൈവത്തെ പ്രസാദിപ്പിക്കാൻ സാധിക്കില്ല. അതാണ് ന്യായപ്രമാണം വരച്ചു കാട്ടിയത്. ആയതിനാൽ പ്രമാണമല്ല നീങ്ങിപ്പോയത് പ്രമാണത്തിനോടുള്ള അടിമത്തവും ഭയവും ആണ് നീങ്ങിയത്. ന്യായപ്രമാണത്തിലൂടെ നീതീകരിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ ന്യായപ്രമാണം മുഴുവൻ അനുസരിക്കാൻ ബാധ്യസ്ഥരാകും (ഗലാ 5:3). ക്രിസ്തുവിലുള്ള വിശ്വാസവും കൃപയുടെ ഭാഗ്യ പ്രശംസയും വൃഥാ എന്നും വരും. അത് പാപസ്വഭാവമുള്ള മനുഷ്യനെ കൊണ്ട് അസാധ്യം എന്നതിലാൽ ക്രിസ്തുവിലുള്ള ഒരാൾ പ്രവർത്തിയാലോ കർമ്മങ്ങളാലോ രക്ഷയോ പാപക്ഷമയോ നേടേണ്ടതില്ല. കാരണം സകല സത്യത്തിലും വഴി നടത്തുന്ന ആത്മാവ് ഒരുവന്റെ ഹൃദയമെന്ന മാംസപലകയിൽ തന്നെ താൻ നടക്കേണ്ട വഴി സൂക്ഷിച്ചിരിക്കുന്നു. "ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു" (2 കോരി. 3:3). കൃപ വിശ്വാസിയുടെ വിശ്രമം ആണ്. നല്ല ജീവിതം നയിക്കുകയും ക്രമമായി പുണ്യപ്രവർത്തികൾ ചെയ്യുകയും ചെയ്ത് രക്ഷ / പാപക്ഷമ പ്രാപിക്കുവാൻ ശ്രമിക്കുന്നവർ എക്കാലവും പരിശ്രമിച്ചു കൊണ്ടേയിരിക്കും - മറിച്ച് കൃപയിൽ ഉള്ള വ്യക്തിക്ക് ക്രിസ്തുവിൽ ഉള്ള വിശ്രമവും ആശ്വാസവും അനുഭവിക്കുവാൻ കഴിയും - പാപത്തെയും നീതിയേയും ന്യായവിധിയേയും കുറിച്ച് ബോധം വരുത്തുവാൻ സ്ഥിരമായോരാത്മാവിനെ ഉള്ളിൽ തന്നിരിക്കുന്നത് ദൈവ കൃപയാണ്. ദൈവകൃപയാൽ ഉള്ള ഈ പ്രക്രിയ ഇല്ലെങ്കിൽ ഒരു മനുഷ്യനും ദൈവഹിതം ചെയ്യാൻ കഴിയില്ല. അതാണ് ഒന്നും "ചെയ്ത്" ദൈവത്തെ പ്രസാദിപ്പിക്കാൻ ആവില്ല എന്നും കൃപയ്ക്ക് "കീഴ്പെട്ട്" മാത്രമേ വിശുദ്ധ ജീവിതം നയിക്കാൻ ആവൂ എന്നും പറയുന്നത്. ആത്മാവിനെ അനുസരിച്ചു നടക്കുന്നത് മാനുഷീക ബുദ്ധിയോ ശക്തിയോ പ്രയോഗിക്കേണ്ട വിഷയമല്ല. സ്നേഹത്തിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ഉള്ള കീഴ്പെടൽ മാത്രമായതിനാൽ അതിൽ അദ്ധ്വാനത്തിന്റെ ആവശ്യമില്ല… അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു. (മത്തായി 11:28-30) നുകവും ചുമടും ഇല്ലെന്നല്ല, അത് മൃദുവും ലഘുവും ആണ്. അതാണ് കൃപയും പ്രവർത്തിയും തമ്മിലുള്ള അന്തരം. കൃപയാലുള്ള പ്രവർത്തിയും (Works FROM Grace) കൃപയ്ക്ക് പകരമുള്ള പ്രവർത്തിയും (Works FOR Grace) തമ്മിൽ അജഗജാന്തരമുണ്ടെന്നു വ്യക്തമായി വിശദീകരിക്കാതിരിക്കുന്നതാണ് കൃപ പാപത്തിനു അനുമതി ആണെന്ന് തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണം. കൃപയാൽ എങ്കിൽ പ്രവർത്തിയാൽ അല്ല എന്ന് പൌലോസ് പറയുന്നതും പ്രവർത്തി ഇല്ലാത്ത വിശ്വാസം നിർജ്ജീവം എന്ന് യാക്കോബ് പറയുന്നതും തമ്മിൽ യാതൊരു വിധത്തിലും പൊരുത്തക്കേടുകൾ ഇല്ല.. പ്രവർത്തിച്ച് കാണിച്ച് കൃപയ്ക്ക് പകരം ആകാൻ കഴിയില്ല (Works FOR Grace) എന്ന് പൗലോസ് പറയുമ്പോൾ യാക്കോബ് പറഞ്ഞത് കൃപ ഉള്ള വ്യക്തിയിലുള്ള ഫലം കൃപയാൽ ഉള്ള പ്രവർത്തിയിലൂടെ അറിയാം എന്നത്രേ.. അക്ഷരത്തിൽ നിന്നുള്ള പ്രവർത്തിയും ആത്മാവിൽ ഉള്ള പ്രവർത്തിയും ആണ് ന്യായപ്രമാണവും കൃപയും തമ്മിലുള്ള ആകെ വ്യത്യാസം. യേശു കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ന്യായപ്രമാണം ലംഘിച്ചു എന്ന് യഹൂദർ കുറ്റം ആരോപിച്ചതിനു മറുപടി ആയി, കിണ്ടി കിണ്ണങ്ങളുടെ അകം ശുദ്ധിയാക്കാൻ തന്ന പ്രമാണം കൊണ്ട് അതിന്റെ പുറം മാത്രം വൃത്തിയാക്കുന്ന പ്രവണത തുറന്ന് കാണിക്കയാണ് യേശു ചെയ്തത്. കല്പന എങ്ങനെ മനസിലാക്കണം എന്നും യേശു വ്യക്തമായി പഠിപ്പിച്ചു. കുല ചെയ്യരുത് എന്ന കല്പന അക്ഷരത്തിൽ അറിഞ്ഞവൻ (ആളെ വിട്ട്) കുല ചെയ്യിക്കുന്നത് തെറ്റാണ് എന്ന് കരുതാതെ ഇരിക്കുമ്പോൾ (ദാവീദ് ഊരിയാവിനെ ചതിച്ച് യുദ്ധത്തിൽ കൊല്ലിച്ചത് ഉദാഹരണം) കുല ചെയ്യാനുള്ള പ്രേരണ വരെ എത്താവുന്ന കോപം തന്നെ കൊലയ്ക്ക് തുല്യമെന്ന് കൽപന ആത്മാവിൽ അറിയുന്നവൻ മനസിലാക്കും (മത്തായി 5:22) - വ്യഭിചാരം ചെയ്യരുത് എന്ന കല്പന അക്ഷരത്തിൽ അറിഞ്ഞവൻ ലൈംഗീക ബന്ധം നടക്കുന്നത് വരെ അത് പാപമല്ല എന്ന് ചിന്തിക്കുമ്പോൾ കാമമോഹത്തോടെ സ്ത്രീയെ നോക്കുന്നത് തന്നെ വ്യഭിചാരമെന്നു കൽപന ആത്മാവിൽ അറിയുന്നവൻ മനസിലാക്കും (മത്തായി. 5: 28) - ഇതാണ് യേശുവിനെ പിൻപറ്റുന്നതും പ്രമാണം പിൻപറ്റുന്നതും തമ്മിലുള്ള വ്യത്യാസം.. അക്ഷരത്തെ അനുസരിക്കുന്നതും ആത്മാവിനെ അനുസരിക്കുന്നതും ആണ് നിയമത്തിൽ ആണോ കൃപയിൽ ആണോ എന്നതിന്റെ അളവുകോൽ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആത്മാവിനെ അനുസരിക്കാതെ ജഡത്തെ അനുസരിക്കുന്നതിനേ ആണ് ന്യായപ്രമാണത്തിൻ കീഴുള്ളവൻ എന്ന് പറയുന്നത്. (ഗലാ 5:18) - അങ്ങനെ പ്രവർത്തിയാൽ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന ചിന്താഗതി ഉള്ളവരാണ് കൃപയിൽ നിന്നും വീണു പോയത് (ഗലാ. 5:4). ക്രിസ്തുവിലുള്ളവൻ മോശയുടെ നിയമത്തിനു കീഴിലല്ല എങ്കിലും ആത്മാവിന്റെ നിയമത്തിനു കീഴിൽ തന്നെയാണ് (റോമർ 8:2) - ജഡസ്വഭാവമുള്ള മനുഷ്യന് ന്യായപ്രമാണം അനുസരിപ്പാൻ കഴിയാത്തതിനാൽ മനുഷ്യന്റെ സ്വഭാവം തന്നെ മാറ്റി ആത്മസ്വഭാവമാക്കിയത് (റോമർ 8:8,9) ദൈവത്തിന്റെ ആത്മാവിനാൽ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുവാനാണ് (റോമർ 8:13) - ഒരുത്തൻ കൃപയിൽ ആയിരിക്കുന്നു എന്ന് ലോകം അറിയുന്നത് തന്നെ അവനിൽ ഉള്ള ദൈവസ്നേഹം വെളിപ്പെടുമ്പോൾ ആണ്. യോഹന്നാൻ ഇങ്ങനെ എഴുതുന്നു: (1 യോഹ 2:4) “എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം.” “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല”. (1 യോഹ. 5:3) ആയതിനാൽ നിയമം ദുർബലമല്ല നിയമപാലനമാണ് ദുർബലം. നിയമം അപൂർണ്ണമല്ല പക്ഷെ നിയമവ്യാഖ്യാനം അപൂർണ്ണമാകാം. കല്ലിൽ എഴുതിയ നിയമം മനുഷ്യൻ മനസിലാക്കാത്തത് മനുഷ്യന്റെ കുറവ്. നിയമത്തിന്റെ കുറവല്ല.. അതിനാലാണ് അത് ഹൃദയമെന്ന മാംസപലകയിൽ എഴുതുകയും എപ്പോഴും ഉപദേശിപ്പാൻ ദൈവാത്മാവിനെ തരികയും ചെയ്തത്. ദൈവീകനിയമത്തിനു ഒരു പരിധിയുമില്ല. പരിധിയും പരിമിതിയും മനുഷ്യന് മാത്രമാണ്. കൃപ നിയമത്തെ അതിജീവിക്കയല്ല. കൃപ നിയമത്തെ പൂർത്തീകരിക്കയാണ്.
കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. യേശുക്രിസ്തുവിലുള്ള ഈ സ്വാതന്ത്ര്യം എല്ലാ ധാർമിക നിയമങ്ങളിലും നിന്നുള്ള മോചനം ആണെന്ന് ധരിക്കുന്നത് തികച്ചും അബദ്ധജഡിലമാണ്. കൃപയുടെ സുവിശേഷമെന്നാൽ നിയമനിഷേധം (Antinomianism) എന്ന് തെറ്റിദ്ധരിക്കുകയും ആ തരത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ കൃപയുടെ പണ്ഡിതനായിരുന്ന പൗലോസ് ഒരിക്കലും നിയമനിഷേധി ആയിരുന്നില്ല. കൃപയിൽ ഉള്ള ഒരാൾക്ക് നിയമങ്ങൾ ബാധകമല്ല എന്നും പറഞ്ഞിട്ടില്ല. റോമർ 3:31 ൽ പൗലോസ് പറയുന്നു: "ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു". രക്ഷ പ്രമാണത്തിലൂടെ ആണെന്നല്ല പൗലോസ് പറഞ്ഞത്. പ്രത്യുത യേശുക്രിസ്തുവിലൂടെ രക്ഷ പ്രാപിച്ച ഒരാൾ ആത്മാവിനെ അനുസരിച്ച് നടക്കുമ്പോൾ ന്യായപ്രമാണത്തിന്റെ നീതി നിവർത്തിക്കപ്പെടുകയാണ് (റോമർ 8:4) എന്നത്രേ. സ്വാതന്ത്ര്യം വന്നത് ദൈവ പ്രമാണത്തിൽ നിന്നല്ല, പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നാണ്. അക്ഷരത്തിന്റെ അടിമത്വത്തിൽ നിന്ന് മോചനം വന്നപ്പോൾ പാപത്തിൽ നിന്നുള്ള സ്വാതന്ത്ര്യം പ്രാപിച്ച് നീതിക്ക് അഥവാ, ആത്മാവിന്റെ പ്രമാണത്തിനു, സ്വയം അടിമകൾ ആക്കപ്പെടുകയാണ് (റോമർ 6:18, 8:2) - ആത്മാവിനെ അനുസരിച്ച് നടക്കുന്നവൻ മാത്രമാണ് ന്യായപ്രമാണത്തിനു അടിമയല്ലാത്തവൻ എന്ന് ഗലാ 5:18 ലും പറയുന്നു.. അതായത് അനുസരണത്തിന്റെ പ്രേരകഘടകം (Driving Factor) മാത്രമാണ് പഴയ നിയമ വിശുദ്ധനും പുതിയ നിയമ വിശ്വാസിയും തമ്മിൽ ഉള്ള വ്യത്യാസം - കൃപയിലുള്ളവർ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിൽ ഭയരഹിതമായി സ്വയം അനുസരിക്കുമ്പോൾ നിയമവാദികൾ നിയമത്തോടുള്ള ഭയത്തിൽ നിന്ന് നിർബന്ധത്താൽ അനുസരിക്കുന്നു.. അത് കൊണ്ടാണ് പ്രവർത്തികളാൽ നീതീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ നിയമത്തിനു അടിമകൾ എന്നും കൃപയാൽ നീതീകരിക്കപ്പെട്ടവർ സ്വതന്ത്രർ എന്നും പറയുന്നത്. പ്രവർത്തിയാൽ ദൈവത്തെ പ്രസാദിപ്പിക്കുവാൻ നോക്കുന്നവർ സ്വന്ത നന്മയിൽ സ്വയപ്രശംസ ചെയ്യുമ്പോൾ കൃപയിൽ ശരണപ്പെടുന്നവർ ദൈവാത്മാവിന്റെ പ്രവർത്തനം മനസിലാക്കി താഴ്മ ധരിക്കുന്നു. ഈ സ്വാതന്ത്ര്യമാണ് പുതിയനിയമ വിശ്വാസിയുടെ പ്രത്യേകത. പഴയനിയമവും പുതിയനിയമവും തമ്മിൽ ദൈവീക നീതിയിൽ അല്ല വ്യത്യാസമുള്ളത്. ഉടമ്പടിയിലെ മനുഷ്യന്റെ സ്ഥാനത്തിലാണ് (ഗലാ 4:4,5, റോമർ 8:15). അക്ഷരത്തിന്റെ പ്രമാണത്തിനു മനുഷ്യൻ അടിമ ആയിരുന്നെങ്കിൽ ആത്മാവിന്റെ പ്രമാണം പുത്രത്വത്തിന്റെ സ്വാതന്ത്ര്യമാണ്. അടിമത്വമാണ് അക്ഷരത്തിന്റെ വ്യാഖ്യാനമനുസരിച്ച് തൊടരുത് പിടിക്കരുത് എന്ന കർമ്മങ്ങൾ പാപമാണെന്നു മനുഷ്യനെ പഠിപ്പിച്ചത്. പുത്രത്വത്തിന്റെ ആത്മാവിനെ അറിയുമ്പോൾ ശരീരത്തിൽ വെളിപ്പെടുന്ന ഈ ക്രിയകൾ അല്ല പാപം, മറിച്ച് അതിലേക്ക് നയിക്കുന്ന മനസ്സിലെ സ്വഭാവമാണ് പാപം എന്ന് മനസിലാക്കുന്നു (ഗലാത്യർ 5:19). ഒരു പടി കൂടി കടന്നു ചിന്തിക്കുമ്പോൾ ജഡത്തിന്റെ പ്രവർത്തികൾ പാപം എന്ന് മനസിലാക്കുന്നതിനു പകരം ആത്മാവിന്റെ ഫലങ്ങൾ പ്രമാണം എന്ന് മനസിലാക്കുന്നതാണ് ഈ സ്വാതന്ത്ര്യത്തിന്റെ വൈശിഷ്ട്യം എന്ന് തൊട്ടടുത്ത വാക്യത്തിൽ പൗലോസ് വ്യക്തമാക്കുന്നു.. സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. അതായത് ഇവ എല്ലാമുണ്ടെങ്കിൽ ജഡത്തിന്റെ പ്രവർത്തിക്ക് ഒരു സ്ഥാനവുമില്ല. ഇതാണ് പ്രമാണം - ഇതിൽ നിന്നുള്ള പ്രവർത്തികൾ കൃപയുടെ ഫലമാണ്, കൃപയ്ക്ക് പകരമല്ല. പാപം എന്ത് എന്ന് പേടിച്ച് ചിലത് ചെയ്യുകയും ചിലതിൽ നിന്ന് ഒഴിയുകയും ചെയ്യുന്നതിന് പകരം ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുമ്പോൾ സ്വാഭാവികമായും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യരുതാത്തതിൽ നിന്ന് ഒഴിയുകയുമാണ് സംഭവിക്കുന്നത് - ഇവിടെയാണ് സ്വാതന്ത്ര്യം പ്രവർത്തിപഥത്തിൽ എത്തുന്നത്. യേശുവും ഇത് തന്നെയാണ് പഠിപ്പിച്ചത് - നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു. (മത്തായി 22:37-40) മാനുഷീക നീതിപ്രകാരം ദൈവ വചനം മനസിലാക്കി, നിയമത്തെ ആചാരമാക്കുമ്പോൾ (Ceremonial Law) ആണ് പ്രവർത്തികളാൽ നിയമത്തിനു അടിമകൾ ആകുന്നതും സ്വയനീതികൊണ്ട് കൃപയെ തരംതാഴ്ത്തുന്നതും. ആത്മാവിനാൽ നടത്തപ്പെടുന്നവൻ ജഡത്തിന്റെ അഭിലാഷപ്രകാരം അക്ഷരത്തിന്റെ പഴുത് അന്വേഷിക്കുന്നതിനു പകരം നിയമത്തിന്റെ അന്തസത്ത പ്രാവർത്തികമാക്കുന്നു. അതിനും സ്വന്ത അധ്വാനമല്ല, ഉള്ളിലുള്ള പരിശുദ്ധാത്മാവാണ് സഹായിക്കുന്നത്. അത് കൊണ്ടാണ് അക്ഷരം കൊല്ലുമ്പോൾ ആത്മാവ് ജീവിപ്പിക്കുന്നു എന്ന് പൗലോസ് പറഞ്ഞത്. പാപം പ്രവർത്തി ആണ് എന്ന് പ്രമാണം പഠിപ്പിക്കുമ്പോൾ പാപം സ്വഭാവം ആണെന്ന് കൃപ പഠിപ്പിക്കുന്നു. പ്രമാണം കർതൃത്വം നടത്തുന്നവൻ ഏതൊക്കെ പാപം എന്ന് സൂക്ഷ്മനിരീഷണം നടത്തുമ്പോൾ യേശുക്രിസ്തുവിന്റെ കർതൃത്വത്തിൽ നടക്കുന്നവൻ ദൈവ ഹിതം എന്തെന്ന് അന്വേഷിക്കുന്നു സ്വാഭാവികമായും പ്രമാണം അതിൽ ഉൾപ്പെട്ടു കൊള്ളും. ചുരുക്കത്തിൽ കൃപയിൽ ഉള്ളവൻ പ്രമാണത്തിൽ അല്ല എന്ന് പറയുമ്പോൾ കൃപയുള്ളവനു പ്രമാണം അകത്തുണ്ട് എന്നതാണ് വാസ്തവം. കൃപ ഇല്ലാതെ പ്രമാണം അനുസരിപ്പാൻ കഴിയില്ല.. ദൈവകല്പനകളിൽ നിന്ന് നമ്മെ മോചിക്കുവാനല്ല ക്രിസ്തു മരിച്ചത് - പ്രത്യുത അക്ഷരത്തിലൂടെ മനസിലാക്കാൻ ശ്രമിച്ച ദൈവകൽപന നമ്മുടെ ഹൃദയങ്ങളിൽ എഴുതാനാണ്.
കൃപയിൽ ഉള്ളവർ പാപം ചെയ്യില്ല എന്ന് പറയുന്നതും വിശദീകരിച്ചില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടാം. കൃപ ആഗോളമാണെങ്കിലും അനിഷേധ്യമല്ല. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ നിൽക്കാൻ ദൈവ സ്നേഹം ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിശ്വാസി സ്വയം ഏൽപ്പിച്ച് കൊടുക്കും. എന്നാൽ സ്വതന്ത്ര ഇഛ ഉള്ള മനുഷ്യന് കൃപയെ സ്വയം തള്ളിക്കളയാനും കഴിയും (എബ്രായർ 12:15). ആത്മാവിനെ അനുസരിച്ച് മാത്രം നടക്കുന്നവൻ പാപം ചെയ്യില്ല എന്നതാണ് ശരി. മനുഷ്യൻ എപ്പോൾ ആത്മാവിനെ അനുസരിക്കാൻ തയ്യാറാകാതെ ഇരിക്കുന്നോ അപ്പോൾ കൃപയെ നിഷേധിക്കുക ആണ്, അത് വിട്ട് മാറുകയാണ് (1 യോഹ 1:8). പാപം ചെയ്യുമ്പോൾ കൃപ നഷ്ടമാകുക അല്ല പ്രത്യുത കൃപയിൽ നിന്ന് സ്വയം പിന്മാറുക ആണ്. ദൈവത്തിന്റെ ദിവ്യസ്വഭാവമായ കൃപ നിന്നു പോകയോ നഷ്ടമാകുകയോ ചെയ്യാത്തതിനാലാണ് അനുതപിച്ച് മടങ്ങി വന്നാൽ ഈ പിന്മാറ്റവും ദൈവം ക്ഷമിക്കുന്നത് എന്ന് യോഹന്നാൻ അപ്പോസ്തോലൻ ഓർപ്പിക്കുന്നു (1 യോഹ 1:8). ദൈവീക വാഗ്ദത്തം മനസിലാക്കിയ വ്യക്തികൾ വിശുദ്ധിയെ തികയ്ക്കേണം എന്ന് പൗലോസും പറയുന്നു. (1 കോരി 7:1, റോമർ 6:22) - കൃപയിൽ നിൽക്കുന്നവൻ ചെയ്യുന്ന തെറ്റിനു അനുതപിക്കേണ്ട ദൈവത്തോട് സ്നേഹസംഭാഷണം ചെയ്‌താൽ മതി എന്ന ഒരു പഠിപ്പിക്കലും അടുത്ത കാലത്ത് കേട്ടു. എന്റെ തെറ്റു എന്റെ അപ്പൻ എന്നോട് ചൂണ്ടിക്കാണിക്കുമ്പോൾ അത് മനസിലാക്കുന്ന ഞാൻ എന്റെ അപ്പൻ പ്രതീക്ഷിക്കുന്നോ ഇല്ലയോ എന്ന് നോക്കാതെ "SORRY" എന്ന് പറയാറുണ്ട്. എന്തിനേറെ വഴിയിലൂടെ നടന്നു പോകുമ്പോൾ അറിയാതെ ഒരാളുടെ ദേഹത്ത് തട്ടിയാൽ പോലും അപരിചിത ർ ആണെങ്കിലും സോറി എന്ന് പറയുന്നവർ ദൈവത്തോട് എന്ത് തോന്നിയവാസവും ചെയ്തിട്ട് ഒന്നും സംഭവിക്കാത്തമട്ടിൽ സാധാരണ പോലെ സ്നേഹ സംഭാഷണം നടത്തി ഒഴിഞ്ഞു മാറിയാൽ മതി എന്ന് പഠിപ്പിക്കുന്നത് തികച്ചും സാത്താന്യം തന്നെയാ ണെന്ന് 100 ശതമാനം ഞാൻ വിശ്വസിക്കുന്നു. യഥാർത്ഥ വിശ്വാസം ഉള്ള ഒരാൾക്ക് തെറ്റു സംഭവിച്ചാൽ സ്വാഭാവികമായും കുറ്റബോധം ഉണ്ടാവും, അനുതപിച്ചിരിക്കും, ഏറ്റുപറഞ്ഞിരിക്കും (1 യോഹ 1:9) - തെറ്റു മനസിലാക്കിയ പത്രോസ് പുറത്തിറങ്ങി പൊട്ടിക്കരഞ്ഞു എന്ന് എഴുതിയിരിക്കുന്നു.. വിശ്വാസം ഇല്ലാതെ ഏറ്റുപറയുന്നതും വിശ്വാസമുണ്ടെന്നു പറഞ്ഞു ഏറ്റുപറയാതെ ഇരിക്കുന്നതും രണ്ടും ഒരു പോലെ വക്രതയും കാപട്യവും ആണ്, പ്രയോജനരഹിതവുമാണ്. ശരിയായ വിശ്വാസത്തിന്റെ ലക്ഷണം അനുതാപം ആണ് അത് കർത്താവ് ആഗ്രഹിക്കുകയും ചെയ്യുന്നു. (വെളി 2:5, വെളി 2:16, വെളി 3:3, വെളി 3:19). ദൈവകൃപയ്ക്ക് സമാനതകൾ ഇല്ല ഉപാധികൾ ഇല്ല. കൃപയിലുള്ള വ്യക്തി നിരന്തരമായി ദൈവാത്മാവിന്റെ നിയന്ത്രണത്തിൽ ആയതിനാൽ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും ബോധം വരുത്തുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനവും നിരന്തരം തന്നെ ആകും. അതിനാൽ തന്നെ പാപം ഏറ്റു പറഞ്ഞു കൃപയാലുള്ള ദൈവക്ഷമ പ്രാപിക്കുവാൻ ഒരു സമയം നിശ്ചയിക്കേണ്ടതില്ല. അതും നിരന്തരമാകും (1 കൊരി 4:4,5). ദൈവാത്മാവിനെ മനപ്പൂർവ്വം ധിക്കരിക്കുക ആണെങ്കിൽ ദൈവ നിഷേധം ആയതിനാൽ അങ്ങനെ ഉള്ള പാപം അനുതപിക്കപ്പെടുന്നി ല്ല എങ്കിൽ രക്ഷ നഷ്ടപ്പെടുത്തും എന്ന് തന്നെ എബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നു. ദൈവ കൃപ ത്യജിച്ച് പിന്മാറി പോകുന്നവർക്ക് കൃപ അല്ല നഷ്ടമാകുന്നത്. രക്ഷ ആണ്. (എബ്രായർ 10:26,27) - രക്ഷ നഷ്ടപ്പെടില്ല എന്ന കാല്വനിസ്റ്റ് ചിന്താഗതി കൂടി കൂട്ടി യോജിപ്പിക്കുന്നത് കൊണ്ടാണ് കൃപയുടെ പഠനങ്ങളിൽ തെറ്റിദ്ധാരണകൾ ഉളവാകുന്നത്. യഥാർത്ഥത്തിൽ കൃപയിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അനുതാപം അത്യന്താപേക്ഷിത ഘടകമാണ്.. അപ്പോൾ തന്നെ അനുതപിച്ച് ഏറ്റുപറഞ്ഞ ഒരു തെറ്റിനെ കുറിച്ച് കുറ്റബോധം തോന്നുന്നതും കൃപയെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ്.
രക്ഷയ്ക്കോ രക്ഷാപൂർത്തിക്കോ മാനുഷീകമായ ഒരു പ്രവർത്തിയും പ്രയത്നവും സഹായകരമാകുന്നില്ല. മനുഷ്യന്റെ നീതീകരണം ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ട് മാത്രമാണ്. ഒരു തെറ്റിനും പ്രായശ്ചിത്തം ചെയ്യാൻ സാധ്യമല്ലാത്ത മനുഷ്യന് ദൈവസന്നിധിയിൽ ഉള്ള പ്രവേശനം ഈ കൃപയേ സ്വീകരിക്കുക എന്നത് മാത്രമാണ്. അർഹതയില്ലാത്ത നീതീകരണവും ജീവിതചര്യയായ വിശുദ്ധീകരണവും അന്ത്യപ്രതിഫലമായ തേജസ്കരണവും കൃപയാൽ മാത്രമാണ് മനുഷ്യന് ലഭിക്കുന്നത്. ആചാരാനുസാരമായ നിയമങ്ങൾക്ക് പകരം പ്രബോധനപരമായ നിയമം ഉള്ളിലാക്കി ന്യായപ്രമാണത്തിലൂടെ സാധിക്കാത്തത് ആത്മാവിന്റെ പ്രമാണത്തിലൂടെ സാധിപ്പിച്ചെടുക്കുന്നതാണ് കൃപ എന്ന് മനസിലാക്കി ആത്മാവിനെ അനുസരിച്ച് കൃപയ്ക്ക് കീഴ്പെട്ട് മുന്നോട്ട് പോകാൻ നമുക്ക് ദൈവസന്നിധിയിൽ ഏൽപ്പിച്ച് കൊടുക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.