ആഭരണ വർജ്ജനോപദേശവും ഖണ്ഡനങ്ങളും: ചില അബദ്ധവാദങ്ങൾ
October 23, 2014 | Pr. Finny Samuel |

മലയാളീ പെന്തെക്കോസ്ത് സഭകളിലെ ആഭരണ വർജ്ജനോപദേശത്തെ കുറിച്ചുള്ള വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും സഭയുടെ പ്രായത്തോളം തന്നെ പഴക്കമുണ്ട്. എന്തിന് ആഭരണം വർജ്ജിക്കുന്നു എന്ന് പോലും അറിയാതെ അന്ധമായ ആഭരണ വിരോധവും പ്രതിഷേധവും കൊണ്ട് നടക്കുന്നവർ ഒരു വശത്തും ആഭരണധാരണത്തിനുള്ള വിലക്കുകൾ നീക്കം ചെയ്യാൻ ഘോരഘോരം യുദ്ധം ചെയ്യുന്നവർ മറുവശത്തുമായി നടക്കുന്ന പല ചർച്ചകളുടെയും തീക്ഷ്ണത വർദ്ധിച്ച് അവ വ്യക്തിഹത്യാപരമായ പരാമർശങ്ങളിലേക്കും സഹോദരനെ വിധിക്കുന്നതിലേക്കും വരെ നീളുന്നതും നാം കാണുന്നുണ്ട്. വാസ്തവത്തിൽ രണ്ട് വശത്തും ഉയർത്തപ്പെടുന്ന "ശരി എന്ന് തോന്നുന്ന" പല ന്യായീകരണങ്ങളും വസ്തുതകളുമായും യുക്തിയുമായും യോജിക്കില്ല എങ്കിലും അവയുടെ ബഹുജനസമ്മതി മൂലം അനേകരെ വഴി തെറ്റിക്കുന്നു എന്നതും ദുഖകരമാണ്. ഇത്തരം ചില അപസിദ്ധാന്തങ്ങളുടെ അവലോകനമാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.

ആഭരണവിധ്വേഷികളുടെ ചില അബദ്ധവാദങ്ങൾ

  • ദൈവ വചനം സ്വർണ്ണത്തിനെതിരാണ്?

    ആഭരണവർജ്ജനത്തിനു പലരും ഉപയോഗിക്കുന്ന ഈ വാദം ഒരു അബദ്ധമാണ്. ബൈബിൾ പൊന്നിനൊ അതിന്റെ ഉപയോഗങ്ങൾക്കോ എതിരല്ല. മറ്റു പല ലോഹങ്ങളെക്കാളും അധികം പരാമർശിക്കപ്പെട്ടിട്ടുള്ളത് പൊന്ന് ആണെന്നതാണ് സത്യം. ഉൽപത്തി (2:10-12) മുതൽ വെളിപ്പാട് (3:18, 21:8) വരെ അഴകിനും പണത്തിനും സ്വർണ്ണത്തിന്റെ ഉപയോഗം വചനത്തിൽ ദൈവം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഈ ഉപയോഗങ്ങൾക്ക് ഒരു നിരോധനവും വചനത്തിൽ ഇല്ലെന്നതിനാൽ ഈ ലോഹം ദൈവം വെറുക്കുന്നു എന്ന തരത്തിലുള്ള വാദങ്ങൾ വിഡ്ഡിത്തമാണ്. അനേക സ്വർണ്ണഖനികളുടെ വിവരവും വചനത്തിലുണ്ട്. ഹവീല (ഉൽപത്തി2:11-12), ഓഫീർ (1 രാജ 9:28; 10:11; 1 ദിന 29:4; 2 ദിന 8:18; ഈയോബ് 22:24), തർശീസ് (2 ദിന 9:21, യെശയ്യ 60:9), പർവ്വയീം (2 ദിന 3:6), ശെബ (1 രാജ 10:10; 2 ദിന 9:9; സങ്കീ 72:15), ഊഫസ് (യിര 10:9) തുടങ്ങിയവ ഉദാഹരണം.

    അനാവശ്യ ആഡംബരവും അലങ്കാരവും മാറ്റുന്ന പ്രവണത എന്നതിൽ നിന്നും സ്വർണ്ണം വെള്ളി മുതലായ വിലയുള്ള എല്ലാ ലോഹങ്ങളോടും അയിത്തം എന്ന നിലയിലേക്ക് ഈ പഠിപ്പിക്കൽ നീങ്ങിയത് ഈ ഉപദേശത്തിന്റെ ഉദ്ദേശ്യം മനസിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. അതിനാൽ തന്നെ ഇതിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിന്റെ പരാജയം പോലും സംഭവിച്ചു എന്നതും ദുഖകരമായ വസ്തുത ആണ്. സ്വർണ്ണം കൊണ്ട് ചില ആഭരണങ്ങൾ ഉണ്ടാക്കുന്നെന്നു കരുതി സ്വർണ്ണത്തിനാണു വിലക്ക് വെയ്ക്കുന്നതെങ്കിൽ കറൻസി നോട്ടുകൾ ഉപയോഗിക്കാൻ പാടില്ല എന്ന സ്ഥിതി വരും! കാരണം പണത്തിന്റെ മൂല്യം മിക്ക സാമ്പത്തിക മേഖലയിലും സ്വർണ്ണത്തെ ആശ്രയിച്ചാണ്. സ്വർണ്ണം എന്ന ലോഹമല്ല വിഷയം, അതിന്റെ ഉപയോഗത്തിന്റെ ഉദ്ദേശ്യശുദ്ധി ആണ് വിഷയം എന്ന് മനസിലാക്കിയാൽ സ്വർണ്ണം വെള്ളി തുടങ്ങിയ ലോഹങ്ങൾക്കെതിരെ മുറിവാക്യങ്ങൾ ഉപയോഗിച്ച് വാദിക്കുന്നതും നിലയ്ക്കും.

  • ആഭരണവർജ്ജനം വിശുദ്ധിയുടെ ലക്ഷണം?

    എത്രത്തോളം വർജ്ജിക്കുന്നോ അത്രത്തോളം വിശുദ്ധി എന്ന നിലയിൽ ദൈവ വചനത്തെ വ്യാഖ്യാനിക്കുന്നതും യോഗ്യമല്ല. ആഭരണ വർജ്ജനത്തിന്റെ ശരിയായ കാരണം മനസ്സിലാക്കാത്തത് കൊണ്ടാണ് ചിലർ കമ്മലും മാലയും ഊരിയിട്ട് അതിനെ വെല്ലുന്ന വാച്ചും കണ്ണാടിയും പല്ലും വെട്ടിത്തിളങ്ങുന്ന വസ്ത്രവും ഒക്കെ ഉപയോഗിച്ച് ഈ വിഷയത്തെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യമാക്കുന്നത് - പിന്നെ ആവേശം മൂത്ത് ആഭരണ വർജ്ജനം സ്വർഗ്ഗരാജ്യ പ്രവേശനത്തിന്റെ ഒറ്റമൂലി എന്നാ തരത്തിലുള്ള പ്രചാരണവും മറ്റു ഉപദേശങ്ങൾക്ക് ഇതിനെക്കാൾ കുറഞ്ഞ പ്രാധാന്യം കൊടുത്ത് കൊണ്ട് 'വിശുദ്ധി'യുടെ ലക്ഷണമായി കണ്ടു ആഭരണധാരികളെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള വിമർശനങ്ങളും പ്രസംഗങ്ങളും കൂടി ആകുമ്പോൾ ആഭരണം ഊരാൻ തയ്യാറുള്ളവർ പോലും അതിനെ എതിർത്ത് പോകും.

    ദൈവം മനുഷ്യന്റെ സൗന്ദര്യത്തിനെതിരല്ല (സങ്കീ 139:14, സങ്കീ 8:5). എന്ന് കരുതി ബാഹ്യ ലക്ഷണം കണ്ട് വിധിക്കുന്നവനുമല്ല നമ്മുടെ ദൈവം. തന്റെ പുരോഹിതന്മാർക്ക് ഏറ്റവും ഭംഗിയുള്ള വസ്ത്രം രൂപകൽപന ചെയ്യുവാനും ദൈവം ശ്രദ്ധിച്ചു. മനുഷ്യന്റെ പ്രവർത്തികൾ അല്ല അവനെ ദൈവ സന്നിധിയിൽ നീതീകരിക്കുന്നത് - മറിച്ച് കൃപയാൽ വിശ്വാസം മൂലമാണ് രക്ഷ. അത് കൊണ്ട് തന്നെ ആഭരണം നീക്കിയാൽ കൂടുതൽ നീതിമാനാകുകയോ ആഭരണം ധരിച്ചാൽ അശുദ്ധി ഉണ്ടാകയോ ഇല്ല. ആഭരണം രക്ഷയുടെയോ നീതീകരണത്തിന്റെയോ ഉപാധിയോ തടസമോ അല്ല. രക്ഷിക്കപ്പെട്ട ഒരുവൻ തന്റെ ദൈനം ദിന ജീവിതത്തിലെ താഴ്മയ്ക്കും ആന്തരിക മനുഷ്യന്റെ സൗന്ദര്യത്തിനും തടസമെന്ന നിലയിൽ ആഡംബരഭ്രമത്തിൽ ജീവിക്കരുത് എന്ന മാര്‍ഗനിര്‍ദ്ദേശകരേഖയായാണ് അപ്പോസ്തലന്മാർ ആഭരണം ഉൾപ്പെടെ ഉള്ള അലങ്കരങ്ങൾക്കും ആഡംബരങ്ങൾക്കും എതിരെ തങ്ങളുടെ ലേഖനങ്ങളിൽ എഴുതിയത് (1 പത്രോസ് . 3:3 , 1 തിമോ 2:9-10). - വസ്തുവല്ല മനോഭാവമാണ് പ്രധാനം എന്ന് ചുരുക്കം. ആഭരണം മാത്രമല്ല നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യവും അലങ്കാരത്തിനായി ഉപയോഗിക്കാതിരിക്കണം എന്നാണ് അപ്പോസ്തലന്മാർ ഉപദേശിച്ചത്.. അതിൽ ആഭരണത്തിനു മാത്രം പ്രാധാന്യം നൽകി മറ്റുള്ള വിഷയങ്ങൾ സൌകര്യപൂർവ്വം മറക്കുന്നതും വചന വിരുദ്ധം തന്നെയാണ്.

    ഹൃദയങ്ങളേയും അന്തരിന്ദ്ര്യങ്ങളെയും ആരാഞ്ഞറിയുന്ന ദൈവം ആഭരണമെന്നല്ല, ജീവിത ശൈലിയും നമ്മുടെ ഉദ്ദേശ്യങ്ങളും എന്ത് കാരണം കൊണ്ടാണ് എന്ന് അറിയുന്നു. ആയതിനാൽ 'ആഭരണം' എന്ന വസ്തു അല്ല പ്രശ്നം അത് 'എന്തിനു ഉപയോഗിക്കുന്നു എന്നതാണ് പ്രശ്നം. എന്ത് ഉദ്ദേശ്യമാണ് ഒരു വസ്തുവിനു നമ്മുടെ ജീവിതത്തിൽ എന്നത് അനുസരിച്ച് ആഭരണത്തിന്റെ നിർവചനം തന്നെ മാറും എന്ന് ഞാൻ കരുതുന്നു.ആഭരണം എന്ന വസ്തു അശുദ്ധമായത് കൊണ്ടല്ല, മറിച്ച് അത് അശുദ്ധിയിലേക്ക് നയിച്ചത് കൊണ്ട് മാത്രമാണ് ദൈവം അത് നീക്കി കളയാൻ തന്റെ സ്വന്ത ജനമായ യിശ്രായേലിനോട് പറഞ്ഞത്. അവരുടെ പിതാവായ യാക്കോബും ചില വസ്തുക്കളോടുള്ള ഭ്രമം ദൈവത്തിൽ നിന്നുള്ള അകൽച്ച ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞു അവയെ കരുവേലകത്തിൻ കീഴെ കുഴിച്ചിട്ടതായി ഉൽപത്തി 35:2-5 വരെ നാം വായിക്കുന്നു. തങ്ങളെ തന്നെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ആണ് അവർ അവ മാറ്റിയത് എന്നതും ശ്രദ്ധേയമാണ്. വസ്തുക്കൾ എന്ന നിലയിൽ അല്ല അവ അവരെ അശുദ്ധമാക്കിയത് - മറിച്ച് ദുരഭിമാനത്തിന്റെയും ഡംഭത്തിന്റെയും ലക്ഷണമായി കണ്ടത് കൊണ്ടാണ് ദൈവം അവ അവരിൽ നിന്നും നീക്കി കളയാൻ ആവശ്യപ്പെട്ടത് എന്ന് പുറപ്പാട് 33:1-6 വരെ ഉള്ള ഭാഗവും വ്യക്തമാക്കുന്നു. ജീവിത വിശുദ്ധിക്ക് തടസമായി നിന്നത് കൊണ്ട് മാത്രമാണ് അവർ അവ നീക്കം ചെയ്തത്. പിതാവ് കരുവേലത്തിൻ കീഴിൽ കുഴിച്ചിട്ടിട്ടും മക്കൾ മിസ്രയിമിൽ തിരിച്ചെടുത്തത് പോലെ ഹോരേബിൽ നീക്കം ചെയ്തത് അവരുടെ മക്കൾ കനാനിൽ തിരിച്ചെടുത്തു എന്നും നാം വായിക്കുന്നു. (സംഖ്യ 31:50-51, ന്യായ 8:24). ആഭരണമുൾപ്പടെ ഉള്ള ആഡംബരങ്ങൾ സ്വയപ്രശംസയുടേയും ദുരഭിമാനത്തിന്റേയും ധർമ്മപരിത്യാഗത്തിന്റേയും ലക്ഷണമായി അനേകം പ്രവാചകന്മാരിൽ കൂടി (യെശയ്യ 3:16-26, 30:21-23, യെഹ 7:19-21, 23:40, യിര 4:30, ഹോശയ്യ 2:13 ) ദൈവം യിസ്രായേൽ മക്കളോട് പില്ക്കാലത്തും പ്രബോധിപ്പിക്കുന്നുണ്ട് എന്നതും വസ്തുവല്ല മറിച്ച് അവയുടെ ഉപയോഗത്തിന്റെ ഉദ്ദേശ്യശുദ്ധി ആണ് ദൈവത്തിനു വിഷയം എന്നത് വ്യക്തമാക്കുന്നു.

    പുതിയ നിയമത്തിലും ആഭരണം മാത്രമല്ല, വസ്ത്രം പോലും (സ്വയപ്രശംസയ്ക്ക് വേണ്ടി) 'അലങ്കാരത്തിനാണെങ്കിൽ' ദൈവ ഹിതമല്ല എന്നത് ദൈവ വചനം തന്നെയാണു - ഇന്നായിരുന്നു 1 പത്രോസ് 3:3, 1 തിമോ 2:9 എന്നീ വാക്യങ്ങൾ എഴുതിയിരുന്നെങ്കിൽ, തലമുടിയും വസ്ത്രവും മാത്രമല്ല, മറ്റുള്ളവരുടെ മുന്നിൽ വിളങ്ങേണ്ടതിനു മാത്രം ഉതകുന്ന അനേകം വസ്തുക്കൾ പ്രതിപാദിക്കേണ്ടി വന്നേനെ. ഒറ്റയ്ക്ക് വിശ്വാസത്തിൽ വരുന്നവരോ രാഷ്ട്രീയ സാമൂഹിക നിയമ വ്യവസ്ഥയിൽ കുടുംബത്തിലും സമൂഹത്തിലും ജീവിക്കേണ്ടതിനു വേണ്ടി ആഭരണങ്ങളോ അത് പോലെ ഉള്ള വസ്തുക്കളോ ഉപയോഗിക്കുന്നത് പോലെയല്ല "എന്നെ ഒന്ന് നോക്കൂ - ഞാൻ എന്ത് മഹാൻ ആണെന് " എന്ന ഭാവം കാട്ടേണ്ടതിനു ചില വസ്തുക്കളും ജീവിത രീതികളും ഉപയോഗിക്കുന്നത് എന്നത് കൊണ്ട് തന്നെ ആഭരണം എന്ന് പലരും ധരിക്കുന്നത് ഉപയോഗോദ്ദേശ്യം കൊണ്ട് ആഭരണമല്ലാതെയും ആഭരണമല്ലെന്നു സമാധാനിക്കുന്നത് പലതും അതേ കാരണം കൊണ്ട് ആഭാരണമായും വരും എന്നത് അറിയാതിരിക്കരുത്. അത് കൊണ്ട് മറ്റൊരാൾ ഉപയോഗിക്കുന്ന ഒരു വസ്തു ആഭരണം ആണെന്ന് പറയാനും വിധിക്കാനും ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഈ മുൻവിധികളാണ് പലപ്പോഴും ഭിന്നതയും വിദ്വേഷവും ഉണ്ടാക്കുന്നത്. നമ്മിലേക്ക് ആളുകളെ ആകർഷിക്കെണ്ടതിനു മാത്രം ഉതകുന്ന, ആഭരണ തുല്യമായ വസ്തുക്കളും ജീവിത രീതികളും ഉപേക്ഷിക്കണം എന്നത്രെ പഠിപ്പിക്കേണ്ടത്.

  • വിലയുള്ളതെല്ലാം ആഡംബരമാണ്?

    താഴ്മയും വിനയവുമുള്ളവർ ആയിരിക്കേണം ദൈവമക്കൾ എന്നത് കൊണ്ട് വില കൂടുതൽ ഉള്ളതെല്ലാം ആഡംബരമാകുമോ? ദൈവം തരുന്ന നന്മ നാം സ്വയപ്രശംസയ്ക്ക് വേണ്ടി ചിലവഴിക്കരുത് എന്നത് സത്യമാണെങ്കിലും ഒരു വസ്തുവിന്റെ വില മാത്രം വച്ച് അത് ഡംഭം ആണെന്ന് ധരിക്കാൻ ആധുനിക കാലത്തിൽ കഴിയുകയില്ല. ഗുണമേന്മ അനുസരിച്ചിരിക്കും വസ്തുക്കളുടെ വില എന്നതിനാൽ കുറഞ്ഞ വിലയ്ക്കുള്ള ഒരു വസ്തു ഇടയ്ക്കിടെ വാങ്ങേണ്ടി വരുന്നതിലും സാമ്പത്തികമായി മെച്ചം സാമ്പത്തിക ശേഷിയുണ്ടെങ്കിൽ ഗുണമേന്മ കൂടിയ ബ്രാൻഡ് ഒരു തവണ വാങ്ങുന്നതാകും. എന്നാൽ മറ്റൊരാളോട് മത്സരിക്കാനോ വേറൊരാളെകാൾ മികച്ചവനെന്നു കാട്ടാനോ എന്ത് കാട്ടിയാലും വില ഉണ്ടെങ്കിലും ഇല്ലെങ്കിലും അവ സ്വയപ്രശംസയ്ക്കും അഹങ്കാരത്തിനും വേണ്ടി ആയിരിക്കും - മറ്റൊരാളുടെ ആവശ്യം എനിക്ക് ആഡംബരമാണെന്ന് കരുതി അവർക്കും ആഡംബരം ആയിരിക്കണമെന്നില്ല എന്നതിനാൽ സഹോദരനെ വിധിക്കാൻ നിൽകാതെ സ്വന്തം ജീവിതത്തിൽ ദൈവത്തോട് പ്രാഗൽഭ്യം ഉണ്ടാകുവാൻ തക്കവണ്ണം സ്വയം സൂക്ഷിക്കാനാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.

  • സ്നാനത്തിനും തിരുവത്താഴത്തിനും ആഭരണവർജ്ജനം ആവശ്യമാണ്?

    ക്രിസ്തുവിനോട് ചേരുവാൻ ഉള്ള ജലസ്നാനത്തിനു വിശ്വസം എന്ന ഒറ്റ നിബന്ധനയേ തിരുവചനം വെയ്ക്കുന്നുള്ളൂ. പാപസ്വഭാവത്തിനു മരിച്ച് ക്രിസ്തുവിനോട് കൂടെ ഉയിർക്കുന്നത് (കൊലോ 2:11-12 and റോമർ 6:4) കാണിക്കുന്ന ഈ കർമ്മം വിശ്വാസം പ്രഖ്യാപിക്കുന്നതിനു പോലെ തന്നെ അനുസരണത്തിനും നിദാനമാണ് എന്നതിനാൽ ജീവിതശുദ്ധി പാലിക്കുവാൻ തടസമായി എന്തെങ്കിലും ഉണ്ടെന്നു സ്നാനാർത്ഥിക്ക് സ്വയം തോന്നുന്നെങ്കിൽ അത് മാറ്റി വെയ്ക്കുവാൻ തീരുമാനിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അത് ആഭരണമോ ആഡംബരജീവിതമോ സഹോദരനോടുള്ള കൈപ്പോ അസൂയയോ എന്ത് തന്നെയായാലും സ്വയത്തെ അടക്കി യേശുവിനെ കർത്താവായി അംഗീകരിക്കുമ്പോൾ ചെയ്യുന്നതാണ്. ദൈവ വചനം എന്ത് പറയുന്നു എന്ന് സ്നാനാർത്ഥിക്ക് പറഞ്ഞു കൊടുക്കേണ്ടുന്ന ചുമതല മാത്രമേ സ്നാപകനുള്ളൂ. സ്നാനാർത്ഥിയും ദൈവവുമായുള്ള ബന്ധത്തിൽ ആഭരണമോ മറ്റ് ഏതെങ്കിലും വിഷയമോ തടസമാണോ അല്ലയോ എന്ന് വിധിക്കേണ്ട ചുമതല സ്നാനപ്പെട്ടുന്ന ആളിൽ നിക്ഷിപ്തമാണ്. ഇത് പോലെ തന്നെയാണ് തിരുവത്താഴത്തിന്റെ കാര്യവും. മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ട് വേണം അപ്പവും വീഞ്ഞും ഭക്ഷിക്കുവാൻ. സഹവിശ്വാസിയെ ശോധന ചെയ്യുവാൻ വിശ്വാസിക്കായാലും ശുഷ്രൂഷകനാണെങ്കിലും വചനം ചുമതല എല്പിക്കുന്നില്ല. ആഭരണമുൾപ്പടെ ഏത് കാര്യം ദൈവത്തോടുള്ള നിർമലമനസ്സാക്ഷിക്ക് തടസമായി ജീവിതത്തിൽ ഉണ്ടെങ്കിലും അവ നീക്കുവാൻ തീരുമാനിക്കേണ്ടത് സ്വയമാണ്. രഹസ്യമായി വിശ്വാസത്തിൽ വന്ന ഒരു സഹോദരി ഒരു സഭയിൽ തിരുവത്താഴ ശുശ്രൂഷയിൽ കൈ നീട്ടാൻ ശ്രമിച്ചപ്പോൾ ശുശ്രൂഷകൻ പരസ്യമായി അത് വിലക്കിയതിനു കാരണം തിരക്കിയപ്പോൾ പാസ്റ്റർ പറഞ്ഞ മറുപടി "അത് സംഘടനയുടെ ചട്ടം" ആണ് എന്നാണ്! ആഭരണത്തിന്റെ വിഷയം ദൈവ വചന പ്രകാരം ശരിയായ രീതിയിൽ ആ ശുശ്രൂഷയ്ക്ക് മുൻപോ പിൻപോ ഉപദേശിക്കാതെ ബാഹ്യ ലക്ഷണങ്ങൾ കണ്ടു മറ്റൊരാളെ പരസ്യമായി വിധിക്കുക എന്നത് വചനയോഗ്യമല്ല.

ആഭരണ സ്നേഹികളുടെ ചില അബദ്ധവാദങ്ങൾ

  • ആഭരണവർജ്ജനം കേരളത്തിലെ പെന്തെക്കോസ്ത് സഭകളിൽ മാത്രമേ ഉള്ളൂ?

    മലയാളീ പെന്തെക്കോസ്ത്കാർക്കിടയിൽ ഏറ്റവും കൂടുതൽ വ്യാപകമായ ഒരു വാദമാണ് ഇത്. പണ്ട് കാലത്ത് കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സാമ്പത്തിക അസമത്വം കാരണം മലയാളികളായ പിതാക്കന്മാർ ഉണ്ടാക്കിയ ഒരു കീഴ്വഴക്കം പിന്നീട് ഉപദേശമായി എന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. വിശ്വാസത്തിലേക്ക് വന്നതിനു പ്രതികാരമായി വീട്ടുകാർ പടി അടച്ച് പിണ്ഡം വച്ചത് കൊണ്ട് ഉണ്ടായിരുന്ന ആഭരണമെല്ലാം നഷ്ടമായവർക്ക് ധാർമിക പിന്തുണ പ്രഖ്യാപിച്ച് ഉള്ളവരുടെയും ഇല്ലാത്തവരുടെയും ഇടയിൽ ഉണ്ടായിരുന്ന അസമത്വം നീക്കാൻ അന്നത്തെ സഭാ നേതാക്കൾ കണ്ടുപിടിച്ച ഒരു വഴി ആണ് ആഭരണം ഉൾപ്പെടെ ഉള്ള ആഡംബരവർജ്ജനം എന്ന് പ്രചരിപ്പിക്കുന്നവർ നിജസ്ഥിതി അറിയാതെയോ അല്ലെങ്കിൽ അത് മനപ്പൂർവം മറച്ച് വെയ്ക്കുകയോ ആണ്. എന്നാൽ ന്യൂനപക്ഷം എങ്കിലും ലോകത്തിലെ പല ഭാഗത്തുമുള്ള വിവിധ സഭാ വിഭാഗങ്ങൾ ഈ മാതൃക പിന്തുടരുന്നു എന്നതാണ് സത്യം. മറ്റു പല ഉപദേശവിഷയങ്ങളിൽ വിരുദ്ധാഭിപ്രായമുള്ള പെന്തെക്കൊസ്തിതര ക്രിസ്തീയ വിഭാഗങ്ങൾ പോലും ആഡംബരത്തിന്റെയോ ആഭരണത്തിന്റെയോ വിഷയത്തിൽ വർജ്ജനം പാലിക്കുന്നുണ്ട് എന്നത് അറിയാതെ പോകരുത്. മറ്റു പല കാര്യങ്ങളിൽ ഉള്ള വചന വ്യാഖ്യാനം പോലെ തന്നെ ഈ വിഷയത്തിലും കേരളത്തിലെ സഭാ പിതാക്കന്മാർ 'കണ്ടുപിടിച്ച' ഒരു വിഷയമല്ല ഇതെന്ന് തെളിയിക്കുവാൻ മാത്രം അത്തരം വിഭാഗങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു. (ഈ ഉപദേശം ഉൾപ്പടെ ഈ സഭകളുടെ ഒരു ഉപദേശത്തിന്റെയും അംഗീകാരമല്ല ഇത്. മറിച്ച് വിഷയാനുബന്ധ വസ്തുതാവതരണം മാത്രമാണ് എന്നത് ശ്രദ്ധിക്കുക.)
    • അമേരിക്കയിലും കാനഡയിലുമായി 38,950 കൂടിവരവുകളും 30,898 ശുഷ്രൂഷകരും 886 മിഷനറിമാരും 54 ലക്ഷത്തിലധികം വിശ്വാസികളും ഉള്ള യുണൈറ്റഡ് പെന്തെക്കൊസ്തൽ ചർച്ച് ഇന്റർനാഷ്ണൽ (UPCI) എന്ന സഭയുടെ വിശ്വാസ പ്രമാണത്തിൽ ഇങ്ങനെ പറയുന്നു: "ജീവിത വിശുദ്ധി വസ്ത്രത്തിലും പുറം രൂപത്തിലും പ്രകടമാകും എന്നത് ആവ 22:5; I കൊരി 11:13-16; I തിമോ 2:8-10 എന്നീ വാക്യങ്ങൾ പറയുന്നു. താഴെ പറയുന്നവ ഇതിന്റെ വചനാടിസ്ഥിതതത്വങ്ങൾ ആണ്. - 1)വിനയം 2) വ്യക്തിഗത ആഭരണങ്ങളും ചമയങ്ങളും ഉപേക്ഷിക്കുന്നത് 3) ചിലവ് ചുരുക്കൽ 4) സ്ത്രീ പുരുഷ വസ്ത്രങ്ങളിലെ വകതിരിവ് - സ്ത്രീകള് മുടി നീട്ടി വളർത്തുന്നതും പുരുഷന്മാർ മുടി വെട്ടി ചെറുതാക്കുന്നതും."
    • ഏകദേശം 1.8 കോടി വിശ്വാസികളും 71,000 കൂടിവരവുകളും ഉള്ള പ്രൊട്ടസ്റ്റന്റ് സഭയായ സെവന്ത് ഡേ അഡ്‌വെന്റിസ്റ്റ് സഭയിലെ (Seventh Day Adventist Church) മിക്കവരും ദൈവ വചനാടിസ്ഥാനത്തിൽ ആഭരണം ഉപയോഗിക്കില്ല എന്ന് ഈ വെബ്സൈറ്റ് പറയുന്നു. അവരുടെ വിശ്വാസപ്രമാണത്തിൽ ഇങ്ങനെ പറയുന്നുണ്ട്: "സാംസ്കാരിക വ്യത്യാസങ്ങൾ കണക്കിലെടുക്കുമ്പോൾ തന്നെ നമ്മുടെ വസ്ത്രധാരണം ലളിതവും താഴ്മയുള്ളതും വൃത്തിയായതും പുറമെയുള്ള പ്രകടനങ്ങളിലെ ചമയങ്ങളില്ലാത്തതും സൌമ്യതയും ശാന്തതയുമുള്ള ആത്മാവ് എന്ന അനശ്വരമായ അലങ്കാരം ധരിക്കുന്നവർക്ക് യോജിക്കുന്നതും ആകണം." അവരുടെ മറ്റൊരു സൈറ്റിൽ വളരെ വ്യക്തമായി ആഡംബര-ആഭരണ ഉപയോഗത്തെ ഖണ്ഡിച്ചിരിക്കുന്നതായും കാണാം .
    • മാത്രമല്ല, ഒരു ചെറിയ ഗൂഗിൾ സെർച്ച് ഇത്തരത്തിലുള്ള അനേക കൂടിവരവുകളെ നമുക്ക് പരിചയപ്പെടുത്തും..
      • >> അമേരിക്കയിൽ ആസ്ഥാനമുള്ള Church of God of Prophecy (130 രാജ്യങ്ങളിൽ കൂടിവരവ്, 15 ലക്ഷം വിശ്വാസികൾ)
      • >> അമേരിക്കയിലെ ലൂസിയാനയിൽ ഉള്ള Esler Pentecostal Church
      • >> ഓസ്‌ട്രേലിയയിലുള്ള Christian Churches of God (CCG)
      • >> അമേരിക്കയിലെ ഫ്ലോറിഡയിൽ പ്രവർത്തിക്കുന്ന Apostolic-ministries
      • >> അമേരിക്കയിൽ ഭരണസിരാകേന്ദ്രമുള്ള Wesleyan സഭ ആഭരണവിരോധികൾ ആയിരുന്നെന്ന് അവരുടെ മുൻപാസ്റ്റർ ​Keith Drury പറയുന്നു.
      • >> അമേരിക്കയിലെ ഫ്ലോരിഡയിൽ പ്രവർത്തിക്കുന്ന Jewish Apostolic Church
      • >> Puritan Reform Movement (Free Presbyterian Church of Scotland, The Puritan Reformed Church of Brazil (Kalleyan) churches, The Free Church of Scotland Continuing churches, WPCUS churches, Presbyterian Reformed churches, Reformed Presbyterian Church of Ireland churches, തുടങ്ങിയവ)
      • >> യൂറോപ്പ്, നോർത്തമേരിക്ക, ആഫ്രിക്ക, യിസ്രായേൽ ഓഷ്യാനിയ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന Apostilic Christian Church
      • >> ആഫ്രിക്കയിലെ International Pentecost Church
      • >> Apostolic Faith Church in Africa

        ആയതിനാൽ കേരളത്തിനു വെളിയിലും എന്ന് മാത്രമല്ല, ഇന്ത്യക്ക് വെളിയിലും ഉള്ള അനേക ക്രിസ്തീയ വിഭാഗങ്ങൾ തുടർന്നു വരുന്ന ഒരു മാതൃക ആണ് ആഡംബര / ആഭരണ വർജ്ജനം.

  • പെന്തെക്കോസ്ത്കാർക്ക് മാത്രമുള്ള ഉപദേശമാണ് ആഡംബര / ആഭരണ വർജ്ജനം?.

    1900 നു ശേഷം വന്ന പെന്തെക്കോസ്ത് സഭ പോലെ ഉള്ള അതിരൂക്ഷ ധാർമിക കൂട്ടങ്ങൾ (PuritanGroups) മാത്രമാണ് ലളിത ജീവിതത്തിന്റെയും ആഡംബര/ആഭരണ വർജ്ജനത്തിന്റെയും ഉപദേശം പറയുന്നത് എന്ന തരത്തിലുള്ള പ്രചാരണവും ശരിയല്ല. താഴെ കൊടുക്കുന്ന പട്ടിക ഇത് തെറ്റെന്നു തെളിയിക്കാൻ മാത്രമാണ്. പുരാതന സഭാ പിതാക്കന്മാരുടെ ഉപദേശത്തിന്റെ ലിഖിത ചരിത്രങ്ങളുടെ ലഭ്യത മാത്രം വച്ചല്ല ഉപദേശരൂപീകരണം എന്നത് അംഗീകരിക്കുന്നു എങ്കിലും അബദ്ധവാദങ്ങളുടെ ഖണ്ഡനം എന്ന നിലയിൽ മാത്രം താഴെ പറയുന്നവ സ്വീകരിക്കുക. (ഇവിടേയും ആരേയും പ്രമാണീകരിക്കുക അല്ല എന്നത് ശ്രദ്ധിക്കുക)
    • സെവന്ത് ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ സ്ഥാപകരിൽ ഒരാളായ എല്ലെൻ വൈറ്റ് [Ellen White (1827-1915)] എല്ലാവിധ ആഭരണ ഉപയോഗങ്ങളും നിരുൽസാഹപ്പെടുത്തിയിരുന്നു. തന്റെ അനുഭവസാക്ഷ്യത്തിൽ (Testimonies vol. 3, p. 366) അവർ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ആഭരണധാരണത്തിന്റെ ഉദ്ദേശ്യം മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കുക എന്നത് ആകയാൽ ക്രിസ്തീയ ഗുണമായ നിസ്വാർത്ഥതയ്ക്ക് എതിരാണ്"
    • അമേരിക്കൻ പ്രസ്ബിറ്റീര്യൻ ശുഷ്രൂഷകൻ ആയിരുന്ന ചാൾസ് ഫിന്നി (1792-1875) പറഞ്ഞത് [The Finney Sermon Collection, vol. 2, p. 838] "ഒരു യുവതി ആഭരണം, ചമയം, വിലയേറിയ വസ്ത്രം മുതലായവ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അവൾ പിന്മാറ്റം ആരംഭിച്ചു - ഇവ ഒക്കെ ഹൃദയാവസ്ഥയുടെ നൈസര്‍ഗ്ഗിക സൂചനകളാണ്"
    • ആംഗ്ലിക്കൻ വേദശാസ്ത്രപണ്ഡിതനായിരുന്ന ജോണ്‍ വെസ്ലി (1703 – 1791) ആഭരണധാരണത്തിനെതിരെ ഉപദേശിച്ചിരുന്നു [The Works of the Reverend John Wesley, A. M. - p.547 ,p.548] 1 പത്രോസ് . 3:3, 1 തിമോ 2:9-10 ഉദ്ധരിച്ച് അദ്ദേഹം പറയുന്നു: "മുടി ചുരുട്ടുകയോ പൊന്നൊ മുത്തോ വജ്രങ്ങളോ വിലയേറിയ വസ്ത്രങ്ങളോ ധരിക്കരുത്. ... ഇത്തരം പ്രവണതകൾ ഈശ്വരഭക്തിയിൽ നിന്നോ ദൈവസ്നേഹത്തിൽ നിന്നോ ദൈവഭയത്തിൽ നിന്നോ വരുന്നതല്ല.. മറ്റുള്ളവരെയോ നമ്മെത്തന്നെയോ സന്തോഷിപ്പിക്കാൻ മാത്രം ഉള്ളതത്രെ"
    • പതിനാറാം നൂറ്റാണ്ടിലെ അനാബാപ്ടിസ്റ്റ് നേതാവായിരുന്ന മെന്നോ സൈമണ്ട്സ് Menno Simons (1496 – 1561) എഴുതിയത് [The Complete Writings of Menno Simons (Scottdale, PA, 1956), p. 377.)] - "അവർ വിശ്വസിക്കുന്നു എന്ന് അവർ പറയുന്നു.. എങ്കിലും, കഷ്ടം, അവരുടെ നിന്ദ്യമായ ഗർവ്വത്തിനും മൂഡപ്രതാപത്തിനും പൊങ്ങച്ചത്തിനും ഒരതിരുമില്ല. അവർ പട്ട്, സൂര്യപടം, വിലയേറിയ വസ്ത്രങ്ങൾ, സ്വർണ്ണ മോതിരം, മാല, വെള്ളി അരഞ്ഞാണം, പിൻ, ബട്ടണ്‍, ചിത്രത്തയ്യലുള്ള ഉടുപ്പുകൾ, ഷാളുകൾ, കോളറുകൾ, മൂടുപടങ്ങൾ, ഉപരിവസ്‌ത്രങ്ങൾ, ഒക്കെ കൊണ്ട് ആര്‍ഭാടപ്രകടനങ്ങൾ കാട്ടുന്നു."
    • ക്രിസ്തീയ നവോത്ഥാനം വേദശാസ്ത്രത്തിന്റെ വ്യതിയാനം മാത്രമല്ല, വിശ്വാസികളുടെ ധാർമികവും പ്രായോഗികവുമായ ജീവിതചര്യയുടെ മാറ്റം കൂടി ആണ് കൊണ്ട് വന്നത്. അതിരുകവിഞ്ഞ വസ്ത്രധാരണവും ആഭരണധാരണവും അഹങ്കാരത്തിലേക്കും ഭോഗേച്ഛയിലേക്കും നയിക്കുമ്പോൾ മിതത്വം താഴ്മയെയും ജീവിതശുദ്ധിയേയും വിളിച്ച് വരുത്തുമെന്ന് അവർ വിശ്വസിച്ചിരുന്നു. (A. M. Tyrrell, "The Relationship of Certain Cultural Factors to Women's Costume in Boston, Massachusetts from 1720-1740," Master's thesis (Virginia Polytechnic Institute and State University, 1975), pp. 51-59.) - പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിൽ വളരെ ജനസ്വാധീനമുണ്ടായിരുന്ന ഫ്രഞ്ച് വേദശാസ്ത്രജ്ഞൻ ജോണ്‍ കാൽവിൻ [John Calvin (1509 – 1564)] ആഡംബര/ആഭരണ ഭ്രമത്തിനെതിരെ അനുയായികളെ ഉദ്ബോധിപ്പിച്ചിരുന്നു - 1637 ലെ ഒരു ഇടയലേഖനത്തിൽ അനുവദിക്കപ്പെട്ടതും വിലക്കപ്പെട്ടതുമായ ആടയാഭരണങ്ങൾ വിവരിക്കാൻ ഇരുപതോളം പേജുകൾ അദ്ദേഹം നീക്കിവച്ചു. "സ്ത്രീകളും പൂർണ്ണ/അർദ്ധ തങ്കത്തിലുള്ള ചിത്രത്തയ്യലുകളും വിചിത്രനാടകൾ, വളളികൾ, പൊന്നു വെള്ളി, മുത്ത്, വജ്രങ്ങൾ തുടങ്ങിയവയും വസ്ത്രങ്ങളിലോ, മേൽകുപ്പായങ്ങളിലോ, അരികുകളിലോ, ചെരുപ്പുകളിലോ, ശിരോവസ്ത്രങ്ങളിലോ ഒന്നും ചേർക്കരുത്.. ഈ വിഷമഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും പൂർണ്ണമായും വജ്രമാലകൾ, പൊന്നാഭരണങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കണം." (John Martin Vincent, Costume and Conduct in the Laws of Basel, Bern, and Zurich, 1300-1800 (Baltimore, 1935 p. 56.)
    • ഇനി ഒന്നാം നൂറ്റാണ്ടിലേക്ക് പോയാൽ സഭാ പിതാവും കോണ്‍സ്റ്റാന്റിനോപ്പിളിലെ ആർച്ബിഷപ്പുമായിരുന്ന ജോണ്‍ ക്രിസോസ്ടം [John Chrysostom (347–407)] സ്ത്രീകളും പുരുഷന്മാരും വിലയേറിയ വസ്ത്രം, ആഭരണം തുടങ്ങിയവ ഉപേക്ഷിച്ച് മിതത്വം പാലിക്കണമെന്ന് തന്റെ ഉപദേശങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. [Works of St. Chrysostom, Homily 8, 1 Timothy 2:9-10, A Selected Library of the Nicene and Post-Nicene Fathers of the Christian Church, Philip Schaff, ed. (Grand Rapids, 1979), vol. 13, p. 434] ഇത്തരം പ്രസംഗങ്ങളിലൂടെ അന്നത്തെ ചക്രവർത്തിനി ആയിരുന്ന യൂഡൊക്സിയയുടെ വിരോധം സമ്പാദിക്കയും തന്മൂലം താൻ AD 403 ൽ നാടുകടത്തപ്പെടുകയും ചെയ്തു..
    • പുരാതന ക്രിസ്തീയ എഴുത്തുകാരനും കർത്താജിലെ ബിഷപ്പുമായിരുന്ന സൈപ്രിയൻ [Cyprian (200 – 258)] 'കന്യകമാരുടെ വസ്ത്രധാരണം' ("On the Dress of Virgins") എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതി "നിങ്ങളുടെ പെരുമാറ്റം കുറ്റമറ്റതായിരിക്കട്ടെ.. നിങ്ങളുടെ കഴുത്ത് അനലംകൃതമായിരിക്കട്ടെ, നിങ്ങളുടെ ശരീരം ലളിതമായിരിക്കട്ടെ, നിങ്ങളുടെ കാതുകൾ തുളയ്ക്കപ്പെടാതിരിക്കട്ടെ, വളകളോ മാലകളോ നിങ്ങളുടെ കയ്യിലോ കഴുത്തിലോ ഇല്ലാതിരിക്കട്ടെ, പൊൻതളകൾ നിങ്ങളുടെ കാലുകളിൽ ഇല്ലാതിരിക്കട്ടെ, നിങ്ങളുടെ മുടി നിറം പിടിപ്പിക്കാതിരിക്കട്ടെ, നിങ്ങളുടെ കണ്ണുകൾ ദൈവത്തിനു പ്രസാദം ഉണ്ടാകത്തക്കതായിരിക്കട്ടെ" [(The Ante-Nicene Fathers, Alexander Roberts and J. Donaldson, eds., (Grand Rapids, 1971), vol. 5, p. 433.12. Cyprian, On the Dress of Virgins 21 (note 15), p. 435.)]
    • അലക്സന്ത്രിയയിലെ ക്ലെമെന്റ് എന്നരിയപ്പെടുന്ന ക്രിസ്തീയ വേദപണ്ഡിതൻ [Titus Flavius Clemens (150 – 215)] ഗുരു എന്ന തന്റെ പുസ്തകത്തിൽ ആഡംബരത്തേയും ആഭരണങ്ങളെയും വിമർശിക്കാൻ ഒരു അദ്ധ്യായം മുഴുവൻ മാറ്റി വയ്ക്കാൻ മറന്നില്ല.. "പൊന്നണിയുകയും മുടി ചുരുട്ടുകയും കവിളുകൾ ചായമിടുകയും കണ്ണെഴുതുകയും മുടി കറുപ്പിക്കയും തങ്ങളുടെ ജഡത്തെ അലങ്കരിക്കാൻ മറ്റു വിനാശകരമായ ആഡംബരകലാപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്ന സ്ത്രീകൾ മിശ്രയിമീയരെ അനുകരിക്കുകയാണ്.. അവരുടെ പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാൻ കഴിയുകയില്ല എന്നാ സെഫന്യാപ്രവാചകന്റെ ദൂത് ഇവർക്ക് ഒക്കും.. എന്നാൽ ക്രിസ്തുവിന്റെ ശിക്ഷണമേൽക്കുന്ന സ്ത്രീകൾ പൊന്നണിയാതെ ദൈവ വചനത്താൽ തങ്ങളെ അലങ്കരിക്കുന്നു.." [(Clement of Alexandria, The Instructor 2, 13, The Ante-Nicene Fathers (Grand Rapids, 1979), vol. 2, p. 269.)]
    • ആദിമ നൂറ്റാണ്ടിൽ മിതത്വത്തിന്റെയും താഴ്മയുടെയും വസ്ത്രധാരണരീതി സഭകളിൽ പഠിപ്പിച്ചിരുന്നു. AD 202 ൽ തെർത്തുല്ല്യൻ എഴുതിയ ലേഖനത്തിൽ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണത്തേയും ആഭരണഉപയോഗത്തേയും വിമർശിക്കുന്നതായി കാണാം (Tertullian, On the Apparel of Women 13, The Ante-Nicene Fathers (Grand Rapids, 1972), vol. 4, p. 25.)
    • അമിതാഡംബരത്തിന്റെ അതിപ്രസരത ഉണ്ടായിരുന്ന റോമാസാമ്രാജ്യത്തിന്റെ സുവർണ്ണ യുഗത്തിൽ ക്രിസ്തീയത പടർന്ന് പന്തലിച്ചത് മൂലം ആ പ്രവണത സഭയ്ക്കുള്ളിലും കടന്നു കൂടി എന്നതാണ് സത്യം. റോമൻ ധാർമികാചാര്യന്മാർ ആയിരുന്ന കാറ്റൊ, സെനെക, ക്വിന്റില്ല്യൻ, എപ്പിക്റ്റെറ്റസ്, വലേരിയസ് തുടങ്ങിയവർ പോലും ഈ ധാരാളിത്തത്തെ വിമർശിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ക്വിന്റില്ല്യൻ ഇങ്ങനെ എഴുതി: "മഹത്തായ വസ്ത്രം അത് ധരിക്കുന്നവർക്കുള്ള മാന്യത വർദ്ധിപ്പിക്കുന്നു. എന്നാൽ അമിതാഡംബരം ശരീരത്തെ അലങ്കരിക്കുന്നതിന്‌ പകരം മനസിന്റെ മലിനത പുറത്ത് കൊണ്ട് വരുന്നു." (Quintillian as cited William Barclay (note 1), p. 261.)
    • മൊണ്ടാനിസം (Montanism) എന്ന ആദ്യകാല ക്രിസ്തീയ കൾട്ട് പ്രസ്ഥാനം ആഭരണധാരണത്തിനു എതിരായിരുന്നു. ക്രിസ്തീയമല്ലാത്ത അനേക പ്രസ്ഥാനങ്ങളിലും ആഭരണധാരണവും ആഡംബര ജീവിതവും സ്വയേച്ഛയെയും ഡംഭത്തേയും പ്രതിനിധീകരിക്കുന്നതായി കരുതിയിരുന്നു.

  • ആഭരണവർജ്ജനോപദേശം വചനാടിസ്ഥാനമില്ലാത്താതാണ്?

    ആഭരണം പാപമാണെന്ന് വചനത്തിലില്ലെന്നതിനാലും ആഭരണധാരണത്തെ കുറിച്ച് പരാമർശങ്ങൾ ഉള്ളതിനാലും ആഭരണം വർജ്ജിക്കുന്നവർ വചനാടിസ്ഥാനത്തിൽ അല്ല അങ്ങനെ ചെയ്യുന്നത് എന്ന് വാദിക്കുന്നത് ശരിയല്ല. പാപം എന്നത് ആത്മാവിൽ സംഭവിക്കുന്ന ഒന്നാണെന്നും ശരീരത്തിൽ വെളിപ്പെടുന്നത് അതിന്റെ ആവിഷ്കാരം മാത്രമാണെന്നും വചനം വ്യക്തമായി പഠിപ്പിക്കുന്നു. "തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു" എന്നതാണ് പാപം - ഫലം പറിച്ചു തിന്നു എന്നത് അതിന്റെ സാക്ഷാല്‍ക്കാരം മാത്രമായിരുന്നു. പാപം പ്രവർത്തി ആണ് എന്ന് പ്രമാണം പഠിപ്പിക്കുമ്പോൾ പാപം സ്വഭാവം ആണെന്ന് കൃപ പഠിപ്പിക്കുന്നു. ആത്മാവിനാൽ നടത്തപ്പെടുന്നവൻ ജഡത്തിന്റെ അഭിലാഷപ്രകാരം അക്ഷരത്തിന്റെ പഴുത് അന്വേഷിക്കുന്നതിനു പകരം നിയമത്തിന്റെ അന്തസത്ത പ്രാവർത്തികമാക്കുന്നു.

    മുൻപ് സൂചിപ്പിച്ചത് പോലെ ആഭരണം എന്ന വസ്തുവിൽ പാപമുണ്ടെന്നു വചനവും പറയുന്നില്ല. അത് പാപത്തിലേക്ക് നയിക്കുമെങ്കിൽ നീക്കി കളയാനാണ് പഴയ നിയമ യിസ്രായേലിനോടും (ഉൽപത്തി 35:2-5, പുറപ്പാട് 33:1-6) പുതിയ നിയമ യിസ്രായേലിനോടും (1 പത്രോസ് 3:3 , 1 തിമോ 2:9-10) - ദൈവ വചനം ഉപദേശിക്കുന്നത്. പഴയനിയമത്തിൽ ആഭരണം മാത്രമേ പറഞ്ഞുള്ളൂ എങ്കിൽ ആത്മാവിന്റെ നിയമം നിർവചിക്കുന്ന പുതിയനിയമത്തിൽ മറ്റെല്ലാ നിയമങ്ങളേയും നിർവചിക്കുന്നത് പോലെ ഇതും ഒരു പടി കൂടി കടന്ന് വിശദീകരിച്ച് സ്വയേച്ഛയാൽ ഉള്ള അലങ്കാരങ്ങൾ എല്ലാം തന്നെ ഒഴിവാക്കാൻ ആണ് ഉപദേശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പൊന്നു ആയാലും മുത്ത് ആയാലും തലമുടി ആയാലും വസ്ത്രമായാലും ഇവയൊക്കെ വസ്തുക്കൾ എന്ന നിലയിൽ അശുദ്ധമെന്നല്ല അവിടെ എഴുതിയിരിക്കുന്നത് മറിച്ച് ദൈവഭക്തിക്കും സൗമ്യതയ്ക്കും സാവധാനത്തിനും തടസ്സമാകുന്ന നിലയിൽ സ്വയാലങ്കാരമാക്കുന്ന പ്രവണതയാണ് ദൈവജനം (സ്ത്രീ ആയാലും പുരുഷൻ ആയാലും) നീക്കേണ്ടത് എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. അങ്ങനെ ആകുമ്പോൾ ആഭരണമോ വസ്ത്രമോ തലമുടിയോ ഇങ്ങനെ അവിടെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉള്ളവ ഉദാഹരണമാണെന്നും എന്ത് വസ്തുവോ പ്രവർത്തിയോ ദൈവഭക്തിക്കും സൗമ്യതയ്ക്കും സാവധാനത്തിനും തടസ്സമാകുന്ന നിലയിൽ സ്വയാലങ്കാരമാകുന്നുവോ അവയെല്ലാം ആ ഉപദേശത്തിൽ ഉൾപ്പെടുമെന്നും അവ അങ്ങനെയോ അല്ലയോ എന്നത് സ്വയം വിധിക്കേണ്ട കാര്യമാണ് എന്നും മനസിലാക്കുവാൻ സാധിക്കും. അതിനു പകരം ഈ പട്ടികയിലെ 'ആഭരണം' എന്നത് മാത്രം അടർത്തിയെടുത്ത് സഹോദരനെ മുൻവിധിയോടെ സമീപിക്കാൻ ഉപയോഗിക്കുന്നതാണ് എതിർക്കപ്പെടേണ്ടത് - അല്ലാതെ ആഭരണവർജ്ജനോപദേശം അല്ല .

    ഒരു സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ കാരണങ്ങളാലും ആഭരണം ആവശ്യമില്ലാതിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഞാൻ ഒരു ചെറിയ മോതിരം ഇട്ടാലും എന്നെ സംബണ്ഡിച്ച് അത് ആർഭാടം കാണിക്കാനാണെന്ന് എനിക്ക് സ്വയം ബോധ്യമുള്ളതിനാൽ മുൻപറഞ്ഞ വചനപ്രകാരം ഞാൻ തെറ്റുകാരൻ ആകും എന്നതിനാൽ തന്നെയാണ് ഞാൻ ആഭരണം ധരിക്കാത്തത്. ഒരു ഉദാഹരണം കൂടി പറഞ്ഞാൽ, ക്രിസ്തുവിനെ പ്രതിഫലിപ്പിക്കേണ്ട ഞാൻ മറ്റൊരാളോട് മത്സരിച്ചോ എന്നെ ശ്രേഷ്ഠൻ എന്ന് കാണിക്കേണ്ടതിനോ ഒരു പേന വാങ്ങിയാലും അതും അലങ്കാരത്തിന്റെ പരിധിയിൽ വരും എന്ന് വിശ്വസിക്കുമ്പോൾ തന്നെ ഒറ്റയ്ക്ക് വിശ്വാസത്തിലേക്ക് വരുന്ന ഒരു നോർത്തിന്ത്യൻ സഹോദരിയുടെ നെറ്റിയിലുള്ള സിന്ദൂരം പോലും ആ സാമൂഹിക വ്യവസ്ഥയിൽ അവർക്ക് ജീവിക്കേണ്ടതിനാവശ്യമാണെന്നതിനാൽ ഒരു ആഭരണമായേ ഞാൻ കാണുന്നില്ല (അവരും അങ്ങനെ കരുതുന്നിടത്തോളം). അങ്ങനെ എന്റെ ആർഭാടം മറ്റൊരാൾക്ക് ആവശ്യവും എന്റെ ആവശ്യം മറ്റൊരാൾക്ക് അലങ്കാരവുമാകാം എന്നത് മനുഷ്യന് മനസിലാകുമെങ്കിൽ ഹൃദയങ്ങളേയും അന്തരിന്ദ്രിയങ്ങളേയും ആരാഞ്ഞറിയുന്ന സർവ്വശക്തനായ ദൈവത്തിനു എത്രമാത്രം?

    ആഭരണവർജ്ജനം പഠിപ്പിക്കുന്നത് മുൻവിധി പ്രമാണം (Judgmental/Fault-Finding Doctrine) ആണെന്നതിനാൽ അത് ഒഴിവാക്കണം എന്ന് വാദിക്കുന്നവർ ഉണ്ട്. ഈ മാതൃകയെ മുൻവിധിക്ക് വേണ്ടി ഉപയോഗിക്കുന്നവർ ഉണ്ടെന്ന് കരുതി പൂർണ്ണമായും ആഡംബരവർജ്ജന ഉപദേശം ഒഴിവാക്കണം എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. എന്ത് കൊണ്ട് ഈ ഉപദേശം നിലവിൽ വന്നു എന്നതിന്റെ ശരിയായ കാരണത്തെ പറ്റി ഇരുവിഭാഗത്തെയും ബോധവാന്മാർ ആക്കുന്നതാണ് ഉചിതം. രണ്ട് വ്യത്യസ്ഥ അപ്പോസ്തലന്മാർ ഒരേ വിഷയത്തിൽ വാചകങ്ങളുടെ ഘടന പോലും സാമ്യമാകത്തക്ക വിധത്തിൽ ഒരു മാർഗ്ഗ നിർദ്ദേശം എഴുതി എങ്കിൽ അത് ദൈവം അന്ന് എത്ര പ്രാധാന്യം കൊടുത്തു എന്നത് വ്യക്തമാക്കുന്നു. ഏത് കാരണത്താൽ അപ്പോസ്തൊലന്മാർ ആ നിർദ്ദേശം തന്നു എന്നത് അക്ഷരങ്ങൾ കൊണ്ട് വ്യാഖ്യാനിക്കാതെ അതിന്റെ അന്തസത്ത മനസിലാക്കാൻ പ്രബോധിപ്പിക്കുക ആണ് വേണ്ടത്.

    ആഭരണധാരണത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് വാദിക്കാവുന്ന മുപ്പതിലധികം വേദഭാഗങ്ങൾ ഉൽപത്തി 35:2-5, പുറപ്പാട് 33:1-6, 1 പത്രോസ് 3:3 , 1 തിമോ 2:9-10 എന്നീ ഭാഗങ്ങളെ യാതൊരു വിധത്തിലും ഖണ്ഡിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ് - യെഹസ്കിയേൽ 16:11,17, 23:26, 28:4,13-17, യിരമ്യാവ് 2:32, 4:29,30, ലൂക്കോസ് 15:22 , ദാനിയേൽ 5:7, 5:29, യാക്കോബ് 2:2, പുറപ്പാട് 35:22-24, 39:17,21, 2 തിമോ 4:8, ഉൽപത്തി 41:42, പുറപ്പാട് 28, വെളിപ്പാട് 17:4, സദൃശ. 1:9, 8:21,26, 25:12, 2 ശമുവേൽ 1:24, ഉത്തമഗീതം 1:10, 11, 5:10-16, 4:9-10, യെശയ്യ 49:17-19, 61:10 തുടങ്ങിയ ഭാഗങ്ങളാണ് പ്രധാനമായും ഈ ഗണത്തിൽ പെടുന്നത്. പണം/മൂല്യവസ്തുക്കൾ എന്ന നിലയിലോ, അധികാരചിഹ്നം/അടയാളമുദ്ര എന്ന നിലയിലോ, ഉപമ/സദൃശ രൂപം എന്ന നിലയിലോ, കാവ്യഭാഷപ്രയോഗം എന്ന നിലയിലോ ഇങ്ങനെ പ്രധാനമായും 4 വിധത്തിലുള്ള പ്രയോഗങ്ങൾ ആണ് ഈ ഭാഗങ്ങളിൽ ഉള്ളത്. ഇവ ഒക്കെയും തന്നെ ഏത് കാരണം കൊണ്ട് ആഭരണതുല്യമായ വസ്തുക്കൾ ദൈവം വിലക്കിയോ അതിന്റെ ഖണ്ഡനമോ ആഭരണ ഉപയോഗത്തിന്റെ അംഗീകാരമോ അല്ല എന്നത് വ്യക്തമാണ്. വിസ്താരഭയത്താൽ ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടുന്നു: യെഹ. 16:11 ൽ യിസ്രായേലിനെ ദൈവം തന്നെ ആഭരണം അണിയിച്ചു എന്ന് കാവ്യഭാഷയിൽ പറയുന്നത് ആക്ഷരികമായി വ്യാഖ്യാനിച്ചാൽ 25 -ആം വാക്യത്തിൽ യിസ്രായേലിലെ എല്ലാ സ്ത്രീകളും പരസംഗം ചെയ്തു എന്നും വ്യഖ്യാനിക്കേണ്ടി വരും. ലൂസിഫറിനെ സൃഷ്ടിച്ചപ്പോൾ ആഭരണം അണിയിച്ച് സ്രഷ്ടിച്ചപ്പോൾ മനുഷ്യനെ ആഭരണം ഇല്ലാതെ തന്നെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചതിനു അർത്ഥം ആഭരണം കൊണ്ടോ വസ്ത്രം കൊണ്ടോ ഉള്ള അലങ്കാരം ഇല്ലാതെ തന്നെ മനുഷ്യനെ സൗന്ദര്യമുള്ളവനായി ദൈവം കാണുന്നു എന്നത് കൊണ്ടാണ്. എന്നിട്ട് കൂടി മാനുഷികകാഴ്ചയിലുള്ള മാന്യതയ്ക്കും വൃത്തിക്കും ഗുണമേന്മയ്ക്കും ദൈവം എതിരല്ല എന്നതിന്റെ തെളിവാണ് ആഭരണങ്ങൾ ഇല്ലെങ്കിൽ തന്നെയും തന്റെ പുരോഹിതർക്ക് ഉള്ള വസ്ത്രം വിലയേറിയ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയത്. എന്നാൽ മനുഷ്യൻ ആ അലങ്കാരങ്ങളെല്ലാം ഭംഗി തങ്ങളുടെ ഡംഭത്തിനും സ്വയ പുകഴ്ചയ്ക്കും അഹങ്കാരത്തിനും അത് വഴി വിഗ്രഹാരാധനയ്ക്കും ഒക്കെ ഉപയോഗിച്ചത് ദൈവം വചനത്തിലുടനീളം നിശിതമായി വിമർശിച്ചതും ഉപദേശിച്ചതും എടുത്ത് പറയേണ്ട വസ്തുതയാണ്. ഉൽപത്തി 35:2-4, യെഹസ്കിയേൽ 7:19, യെശയ്യ 3:16-21, 30:21-23 പുറപ്പാട് 33:5,6, 1 തിമോ 2:9, 1 പത്രോസ് 3:3, ലേവ്യ 19:28, ന്യായ. 8:24, 2 ദിന 20:25, സദൃശ 31:30, റോമർ 12:2, ഉൽപത്തി 1:27, 1 കൊരി 6:15, 6:19-20, യെശയ്യ 61:10, 1 തെസ്സ 5:23, ഗലാ 5:1-26, യെഹ 23:40, യിര 4:30, ഹോശയ്യ 2:13, 2 രാജ 9:30, വെളി 17:4 തുടങ്ങിയ വാക്യങ്ങൾ ഒക്കെ ലോകത്തോട് അനുരൂപമാകാതെ സൌമ്യതയും താഴ്മയും ധരിക്കുവാൻ നമ്മെ ഉത്ബോധിപ്പിക്ക കൂടി ചെയ്യുന്നു എന്ന് മറക്കരുത്. മുടിയനായിരുന്നിട്ട് മടങ്ങി വന്ന പുത്രന്റെ ഉപമയിലും യാക്കോബ് അപ്പോസ്തലന്റെ ലേഖനത്തിലും ഒക്കെ പൊന്മോതിരം പരാമർശിക്കുന്നതും ഈ ഉപദേശത്തിന്റെ ഖണ്ഡനമല്ല. രണ്ട് ഭാഗങ്ങളും ഉപമ/സദൃശമാണ് എന്നത് മാത്രമല്ല അധികാരചിഹ്നം/അടയാളമുദ്ര എന്ന നിലയിലാണ് അവ അവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രവചനങ്ങളിലായാലും കാവ്യങ്ങളിലായാലും ലേഖനങ്ങളിലായാലും ഉദ്ദിഷ്ടവായനക്കാർക്ക് മനസിലാകുന്ന ഉദാഹരണങ്ങൾ ഉപയോഗിച്ചു എന്നതിലുപരി ആഡംബരമായോ സ്വയാലങ്കാരമായോ ആഭരണധാരണത്തെ ന്യായീകരിക്കുന്നതായി കാണുന്നില്ല. ലൂക്കോസ് 12:47-48 വരെയുള്ള വാക്യങ്ങളിൽ അടിമകളെ വളരെ അടിക്കുന്ന ഉപമയുള്ളത് കൊണ്ട് നാം അടിമകളെ ഉപയോഗിക്കണം എന്നും അവരെ അടിക്കണം എന്നുമർത്ഥമില്ലാത്തത് പോലെയും രാത്രിയിലെ വിവാഹവും 10 കന്യകമാർ അതിൽ പങ്കെടുക്കുന്നതും പറയുന്ന ഉപമ പ്രകാരം നാം രാത്രിയിൽ മാത്രമേ വിവാഹം നടത്താവൂ എന്നും എപ്പോഴും കന്യകമാരെ മണവാളനൊപ്പം പന്തിക്ക് കയറ്റണം എന്നുമർത്ഥമില്ലാത്തത് പോലെയും ലൂക്കോസ് 16:1-15 വരെയുള്ള വാക്യങ്ങളിൽ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി എന്ന് പറയുമ്പോൾ അവൻ ചെയ്തതിനെ യേശു ന്യായീകരിക്ക ആയിരുന്നില്ല എന്നത് പോലെയും സന്ദർഭോചിതമായും പരമോദ്ദേശ്യം അനുസരിച്ചും വേണം നാം വേദഭാഗങ്ങൾ മനസിലാക്കേണ്ടത്.

ആകയാൽ ആഭരണവർജ്ജനം പരീശഭക്തിയെന്നോ ആഭരണധാരണം അഭക്തിയെന്നോ പറഞ്ഞു അന്യോന്യം സഹോദരനെ വിധിക്കാതെ പുത്രത്വത്തിന്റെ ആത്മാവിനെ അറിഞ്ഞ് ആചാരാനുസാരമായ നിയമങ്ങൾക്ക് പകരം പ്രബോധനപരമായ നിയമത്തിന്റെ അന്തസത്ത മനസിലാക്കി ദൈവസന്നിധിയിൽ ഹൃദയങ്ങളേ ഏല്പിച്ചു കൊടുക്കാം.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,

പാസ്റ്റർ ഫിന്നി സാമുവൽ

Comments

Leave a Reply

Your email address will not be published. Required fields are marked *

Verse of the Day

But let justice roll on like a river, righteousness like a never-failing stream!
The grace of the Lord Jesus Christ, and the love of God, and the fellowship of the Holy Spirit, be with you all.
My Social Presence
Copyright © 2025. Finny Samuel
linkedin facebook pinterest youtube rss twitter instagram facebook-blank rss-blank linkedin-blank pinterest youtube twitter instagram